ഝാര്‍ഖണ്ഡിലെ ഇഡി റെയ്ഡില്‍ കണ്ടെടുത്തത് 35 കോടി

Update: 2024-05-07 04:34 GMT
റാഞ്ചി: ഝാര്‍ഖണ്ഡിലെ ഇ.ഡി. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവത്തില്‍ ഗ്രാമവികസനമന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാല്‍ അറസ്റ്റില്‍. തിങ്കളാഴ്ച സഞ്ജീവിന്റെ സഹായിയുടെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) 5.23 കോടി രൂപ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

അലംഗീറിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരിയുടെ ഉടമസ്ഥതയിലുള്ള ഗദീഖാന ചൗക്കിലെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. പരിശോധനയ്ക്കിടയില്‍ പണം എണ്ണുന്ന ഒന്നിലധികം യന്ത്രങ്ങള്‍ തകരാറിലായതാതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാവും പാകുര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍എ.യാണ് അലംഗീര്‍.

കഴിഞ്ഞവര്‍ഷം ഇ.ഡി അറസ്റ്റുചെയ്ത ഗ്രാമവികസനവകുപ്പ് മുന്‍ ചീഫ് എന്‍ജിനിയര്‍ വീരേന്ദ്രകുമാര്‍ റാമിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. തിങ്കളാഴ്ച രാവിലെ റാഞ്ചിയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇ.ഡി. ഒരേസമയം റെയ്ഡ് നടത്തിയത്.

റാഞ്ചിയിലെ റൂറല്‍ വര്‍ക്‌സ് ഡിപ്പാര്‍ട്ട്മെന്റില്‍ ചീഫ് എന്‍ജിനിയറായിരുന്ന വീരേന്ദ്രകുമാര്‍ റാം, ടെന്‍ഡറുകള്‍ അനുവദിച്ചതിനുപകരമായി കരാറുകാരില്‍നിന്ന് 39 കോടിയോളം രൂപ കൈപ്പറ്റിയിരുന്നു. ഈ സ്വത്ത് ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു.

എന്നാല്‍, ഇ.ഡി. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ആരും ഒരുതരത്തിലുള്ള നിഗമനങ്ങളിലുമെത്തരുതെന്നാണ് അലംഗീര്‍ ആലമിന്റെ പ്രതികരണം. സഞ്ജീവ് ലാല്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. അദ്ദേഹം രണ്ട് മുന്‍ മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് റെയ്ഡുകള്‍ മാത്രം ചൂണ്ടിക്കാട്ടി പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




Tags:    

Similar News