ഖാലിസ്ഥാന്‍വാദി സംഘടനകളില്‍നിന്ന് ഫണ്ട് വാങ്ങിയെന്ന്; കെജ്‌രിവാളിനെതിരേ എന്‍ഐഎ അന്വേഷണം

Update: 2024-05-07 05:31 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരേ എന്‍ ഐഎ അന്വേഷണം. ഖാലിസ്ഥാന്‍ വാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസില്‍ നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചെന്ന് ആരോപിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേനയാണ് കെജ്‌രിവാളിനെതിരേ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഖാലിസ്ഥാന്‍ നേതാവ് ദേവേന്ദ്രപാല്‍ ഭുള്ളറിനെ മോചിപ്പിക്കാന്‍ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഖാലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയെന്നാണ് സക്‌സേനയുടെ ആരോപണം. മദ്യനയ അഴിമതി ആരോപണക്കേസില്‍ ജയിലില്‍ക്കഴിയുന്ന അരവിന്ദ് കെജ് രിവാളിന് കനത്ത തിരിച്ചടിയാണിത്.

    ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം പരിഗണിക്കാനുള്ള സുപ്രിം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കുന്ന സാഹചര്യത്തിലും ഈ നീക്കത്തിന് പ്രാധാന്യമുണ്ട്. അതേസമയം, ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം കെജ് രിവാളിനെതിരേ മറ്റൊരു ഗൂഢാലോചന നടക്കുന്നുവെന്നാണ് എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആരോപിച്ചത്. ഡല്‍ഹിയിലെ ഏഴ് സീറ്റുകളും അവര്‍ തോല്‍ക്കുമെന്നും തോല്‍വി ഭയം കാരണം വലയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News