വ്യാജ ഗവേഷണപ്രബന്ധങ്ങളില്‍ ഇന്ത്യ മുന്നില്‍

ലോകത്തെ ഏറ്റവും മികച്ച 200 യൂനിവേഴ്‌സിറ്റികളില്‍ ഒന്നു പോലും ഇന്ത്യയില്‍ നിന്നില്ല. മികച്ച ഗവേഷണ പ്രബന്ധങ്ങളില്ലാത്തതാണ് ഇതിന് കാരണം. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ഉന്നതപഠനത്തില്‍ ഗവേഷണം യുജിസി നിര്‍ബന്ധമാക്കിയത്. എന്നാല്‍, അത് കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കിയതായാണ് റിപോര്‍ട്ട്.

Update: 2019-01-21 19:16 GMT

ന്യൂഡല്‍ഹി: ഉന്നത വിദ്യഭ്യാസത്തിലെ മികവിന്റെ സൂചകമായി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന മാനദണ്ഡം യുജിസി നിര്‍ബന്ധമാക്കിയതോടെ ഇന്ത്യയില്‍ വ്യാജ ഗവേഷണ പ്രബന്ധങ്ങള്‍ പെരുകുന്നു. ഇതോടെ കാശ് കൊടുത്താല്‍ എന്തും പ്രസിദ്ധീകരിക്കുന്ന വ്യാജ ജേണലുകളും ഇന്ത്യയില്‍ പെരുകുന്നതായി പഠനങ്ങള്‍ പറയുന്നു. ലോകത്തെ ഏറ്റവും മികച്ച 200 യൂനിവേഴ്‌സിറ്റികളില്‍ ഒന്നു പോലും ഇന്ത്യയില്‍ നിന്നില്ല. മികച്ച ഗവേഷണ പ്രബന്ധങ്ങളില്ലാത്തതാണ് ഇതിന് കാരണം. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് ഉന്നതപഠനത്തില്‍ ഗവേഷണം യുജിസി നിര്‍ബന്ധമാക്കിയത്. എന്നാല്‍, അത് കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കിയതായാണ് റിപോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം വ്യാജ ജേണലുകളെക്കുറിച്ച് ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് നടത്തിയ അന്വേഷണത്തില്‍ ന്യൂയോര്‍ക്കര്‍, ലേ മോന്ത്, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവ പങ്കാളികളായിരുന്നു. ഇത്തരം ജേണലുകളുടെ ആഗോള ഹബ്ബാണ് ഇന്ത്യയെന്നാണ് പഠനത്തില്‍ വ്യക്തമായത്.

അമേരിക്കന്‍ ലൈബ്രറി സയലന്‍സ് പ്രൊഫസറായ ജെഫ്രി ബിയാല്‍ വ്യാജ ജേണലുകളുടെയും അവ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണാലയങ്ങളുടെയും വലിയ പട്ടിക തയ്യാറാക്കിയിരുന്നു. ഈ മേഖലയിലെ പല പഠനങ്ങള്‍ക്കും ആശ്രയിക്കുന്നത് അദ്ദേഹത്തിന്റെ പട്ടികയെയാണ്. ഇന്ത്യയില്‍ 903 യൂനിവേഴ്‌സിറ്റികളും അവയ്ക്ക് കീഴില്‍ 39,050 കോളജകളും ഉണ്ട്. യൂനിവേഴ്‌സിറ്റിക്ക് കീഴിലല്ലാത്ത 10,011 സ്ഥാപനങ്ങളും ഉണ്ട്. 2010ലാണ് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകര്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കണമെന്ന നിബന്ധന യുജിസി കൊണ്ടുവന്നത്. ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥാപനങ്ങളോട് ഇത്തരം നിബന്ധന വച്ചതോടെ അധ്യാപകര്‍ എളുപ്പ മാര്‍ഗം സ്വീകരിക്കുകയായിരുന്നു. അതോടെയാണ് ചെറിയ തുക കൊടുത്താല്‍ ഗവേഷണ പ്രബന്ധമെന്ന രീതിയില്‍ ഏത് ചവറും പ്രസിദ്ധീകരിക്കുന്ന വ്യാജ ജേണലുകളെ ഇവര്‍ ആശ്രയിച്ചു തുടങ്ങിയത്.

ബയോമെഡിസിന്‍ രംഗത്തെ വ്യാജ ജേണലുകളിലെ 27 ശതമാനം മുതിര്‍ന്ന എഴുത്തുകാരും ഇന്ത്യക്കാരാണെന്ന് 2017ല്‍ നേച്വറില്‍ വന്ന ലേഖനത്തില്‍ കനേഡിയന്‍ ത്വഗ്‌രോഗ വിദഗ്ധനായ ഡേവിഡ് മോഹര്‍ പറയുന്നു. 2010നും 2014നും ഇടയില്‍ വ്യാജ ജേണലുകളില്‍ വന്ന 35 ശതമാനം ലേഖനങ്ങളും ഇന്ത്യക്കാരുടേതായിരുന്നുവെന്ന് സെന്‍യു ഷെന്‍, ബോക്രിസ്റ്റര്‍ എന്നിവര്‍ നടത്തിയ പഠനം പറയുന്നു. 2018 നവംബറില്‍ പ്രസിദ്ധീകരിച്ച സെല്‍കുക്ക് ഡെമിറിന്റെ പഠനപ്രകാരം 62 ശതമാനം വ്യാജ ജേണലുകളും ഇന്ത്യയില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്.  

Tags:    

Similar News