കര്‍ണാടകയിലെ ഹിജാബ് നിരോധനം: മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു; ഞെട്ടിക്കുന്ന റിപോര്‍ട്ടുമായി പിയുസിഎല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയും അക്കാര്യം ശരിവച്ച ഹൈക്കോടതി വിധിയും കാരണമായി കര്‍ണാടകയിലെ ആയിരക്കണക്കിന് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) റിപോര്‍ട്ട്.

Update: 2022-09-09 16:59 GMT

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയും അക്കാര്യം ശരിവച്ച ഹൈക്കോടതി വിധിയും കാരണമായി കര്‍ണാടകയിലെ ആയിരക്കണക്കിന് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) റിപോര്‍ട്ട്.

വിവേചനരഹിതമായ വിദ്യാഭ്യാസത്തിനുള്ള അവകാശം, തുല്യതയ്ക്കുള്ള അവകാശം, അന്തസ്സിനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം, വിവേചനങ്ങളില്‍നിന്നുള്ള അവകാശം, അനിയന്ത്രിതമായ ഭരണകൂട നടപടികളില്‍ നിന്നുള്ള സ്വാതന്ത്ര്യം തുടങ്ങിയ നിരവധി അവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കര്‍ണാടക സര്‍ക്കാര്‍ 'കോളജുകളിലെ ഹിജാബ് നിരോധനം ഉറപ്പാക്കുന്നതില്‍ ഏകമനസ്സോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' ഭരണഘടനാപരമായ കടമയെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണെന്നും ഈ നിര്‍ദ്ദേശം നിരവധി വിദ്യാര്‍ത്ഥികളെ അവരുടെ അക്കാദമിക് പ്രോഗ്രാമുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും സംഘടന ചൂണ്ടിക്കാട്ടി.

സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് പിയുസിഎല്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു 'പെട്ടെന്നുള്ളതും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ' തീരുമാനം എടുത്തതെന്ന് അന്വേഷിക്കാന്‍ ജുഡീഷ്യറിയോട് സംഘടന ആവശ്യപ്പെടുകയും ചെയ്തു.

'ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങള്‍ ലംഘിച്ചതിന് പ്രിന്‍സിപ്പല്‍മാര്‍ക്കും സിഡിസികള്‍ക്കും കോളേജ് വികസന സമിതികള്‍ക്കുമെതിരേ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും സ്വമേധയാ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും എത്രയും വേഗം നടപടികള്‍ ആരംഭിക്കുകയും വേണം'- സംഘടന ആവശ്യപ്പെട്ടു. കോടതി കേസിന്റെ ഫലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ സുരക്ഷാ നടപടികള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലും കോളേജുകളിലും പോകാന്‍ ഭയക്കുന്നതായി പിയുസിഎല്‍ പഠനത്തില്‍ പറയുന്നു. ഹിന്ദു ആണ്‍കുട്ടികള്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ച സംഭവങ്ങളും ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഞങ്ങളെ ശിക്ഷിക്കാനും കൊല്ലാനും അവര്‍ ആഗ്രഹിക്കുന്നുവെന്നും സമാനമായ മറ്റ് ഭീഷണികളാണെന്നും വിദ്യാര്‍ഥിനിയടെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചില ആണ്‍കുട്ടികള്‍ തങ്ങളെ പരസ്യമായി ശല്യപ്പെടുത്തുകയും 'ഓ ഹിജാബ്', 'ഓ ബുര്‍ഖ' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നു. പല കോളേജുകളും തങ്ങളുടെ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനു പകരം പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. പല കോളജുകളിലേയും പിന്‍സിപ്പല്‍മാരും ഇതിന് മൗനാനാവാദം നല്‍കുന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News