രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധമാക്കാന്‍ നീക്കം

Update: 2022-10-10 06:28 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസത്തിനും ജോലിക്കും കോടതി നടപടികള്‍ക്കും ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ആശയവിനിമയം ഹിന്ദിയിലാക്കും. ഇതുള്‍പ്പെടെ 112 ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷ ഹിന്ദിയിലാക്കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യാനും കേന്ദ്ര സര്‍വകലാശാലകളിലും എയിംസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കാനും സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷകളിലും ഹിന്ദി നിര്‍ബന്ധമാക്കണം. ജോലിയില്‍ പ്രവേശിച്ചാല്‍ ഹിന്ദിയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കണം.

ഹിന്ദി ഭാഷയറിയാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാനും മറുപടി തൃപ്തികരമല്ലെങ്കില്‍ അവരുടെ വാര്‍ഷിക റിപോര്‍ട്ടില്‍ അക്കാര്യം സൂചിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ 50 ശതമാനവും ഹിന്ദിയിലാവണം. മുന്‍പേജില്‍ വരുന്ന പരസ്യങ്ങള്‍ ഹിന്ദിയിലായിരിക്കണം. ഇംഗ്ലീഷിലുള്ള പരസ്യങ്ങള്‍ ഉള്‍പേജുകളില്‍ ചെറുതായി മാത്രമേ നല്‍കാവൂ. ഓഫിസുകളിലെ നടപടിക്രമങ്ങളും ഹിന്ദിയിലാവണം.

കൂടാതെ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതി മുതല്‍ കീഴ്‌ക്കോടതികള്‍ വരെ ഔദ്യോഗിക രേഖകള്‍ ഹിന്ദിയിലേക്ക് മാറ്റണം. ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നടപടിക്രമങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഭരണഘടനപരമായി ആവശ്യമായി വന്നാല്‍ മാത്രം നല്‍കിയാല്‍ മതി. വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ഹിന്ദിയാവണം. ഐക്യരാഷ്ട്ര സഭയിലും ഹിന്ദി അംഗീകൃത ഭാഷയാക്കി കൊണ്ടുവരണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Tags: