സ്‌കൂളില്‍ നമസ്‌കാര സൗകര്യം നല്‍കി പ്രധാനധ്യാപിക; എതിര്‍പ്പുയര്‍ന്നപ്പോള്‍ കുട്ടികളെ പ്രതിക്കൂട്ടിലാക്കാന്‍ നീക്കം

വിദ്യാര്‍ഥികള്‍ സ്‌കൂളിന് പുറത്തുപോകുന്നത് ഒഴിവാക്കാനായിരുന്നു ഇത്തരം നീക്കം.

Update: 2022-01-24 12:43 GMT

ബംഗളൂരു: കര്‍ണാടകയിലെ മുള്‍ബഗല്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥികളെ സ്‌കൂള്‍ വളപ്പില്‍ ജുമുഅ നമസ്‌കരിക്കാന്‍ അനുവദിച്ചതിന് രക്ഷിതാക്കളുടേയും ഹൈന്ദവ സംഘടനകളുടെയും പ്രതിഷേധം.

സോമേശ്വരപാളയിലെ ബാലേചങ്കപ്പ ഗവണ്‍മെന്റ് മോഡല്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെള്ളിയാഴ്ച നമസ്‌കാരത്തിന് വിദ്യാര്‍ഥികള്‍ക്ക് സൗകര്യം നല്‍കിയത്. വിദ്യാര്‍ഥികള്‍ സ്‌കൂളിന് പുറത്തുപോകുന്നത് ഒഴിവാക്കാനായിരുന്നു ഇത്തരം നീക്കം.

എന്നാല്‍ സംഭവത്തിനെതിരേ ഹിന്ദു സംഘടനകളും ചില രക്ഷിതാക്കളും പ്രതിഷേധവുമായി എത്തുകയായിരുന്നു. ജുമുഅ നമസ്‌കാരം അനുവദിച്ച ചരിത്രമൊന്നും സ്‌കൂളില്‍ ഇല്ലെന്നും ഇത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് അഭ്യര്‍ത്ഥിച്ചുവെന്നും ഹിന്ദു സംഘടനകള്‍ പറഞ്ഞു.

സ്‌കൂള്‍ അധികൃതരുടെ സമ്മതത്തോടെയാണ് എല്ലാ ആഴ്ചയും ജുമുഅ നടക്കുന്നതെന്ന് മറ്റൊരു രക്ഷിതാവ് ആരോപിച്ചു. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ അധ്യാപകരും പ്രധാനധ്യാപികയും മുസ്‌ലിം വിദ്യാര്‍ഥികളെ കൈയ്യൊഴിഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച താനും മറ്റ് അധ്യാപകരും ഉച്ചഭക്ഷണ സമയത്ത് സ്‌കൂളില്‍ നിന്ന് പുറത്തുപോയ സമയത്തായിരുന്നു ഇത് സംഭവിച്ചതെന്ന് ഒരു അധ്യാപകന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ജുമുഅ നമസ്‌കാരം സ്‌കൂള്‍ വളപ്പിനുള്ളില്‍ അനുവദിച്ചതെന്ന് ചോദിച്ച് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറില്‍ നിന്ന് തനിക്ക് ഒരു കോള്‍ ലഭിച്ചതായി പ്രധാനധ്യാപിക പറഞ്ഞു.

Similar News