ഡെലിവറി ബോയിക്ക് ക്രൂരമര്‍ദ്ദനം; നാല് ശിവസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2021-07-30 01:27 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ഡെലിവറി ബോയിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബ്രാഞ്ച് മേധാവി ഉള്‍പ്പെടെ നാല് ശിവസേനാ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തു. മുംബൈയിലെ കാണ്ഡിവാലിയിലെ പോയിസര്‍ പ്രദേശത്ത് ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. ഒരു ഇ കൊമേഴ്‌സ് സൈറ്റിന്റെ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന ജയ്ഹിന്ദ് ചൗള്‍ നിവാസിയായ രാഹുല്‍ ശര്‍മ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെത്തിക്കുന്നതിനായാണ് രാഹുല്‍ പോയിസര്‍ മേഖലയിലെത്തിയത്.

എന്നാല്‍, ശക്തമായ മഴ പെയ്തതിനെത്തുടര്‍ന്ന് ശിവസേനയുടെ പോയിസര്‍ ശിവാജി മൈതാന്‍ ബ്രാഞ്ച് ഓഫിസിന് പുറത്ത് മഴ നനയാതിരിക്കാന്‍ രാഹുല്‍ കയറിനിന്നു. ഈ സമയം ഇതുവഴി വന്ന ശിവസേനാ പ്രവര്‍ത്തകന്‍ ചന്ദ്രകാന്ത് രാഹുലിന്റെ പക്കലുണ്ടായിരുന്ന പാര്‍സലില്‍ ചവിട്ടി. പാര്‍സലിരിക്കുന്ന കാര്യം ശ്രദ്ധിക്കേണ്ടേയെന്ന് രാഹുല്‍ ശിവസേനാ പ്രവര്‍ത്തകന്‍ നീനെവിനോട് പറഞ്ഞു. എന്നാല്‍, ഇയാള്‍ അധിക്ഷേപിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.

പിന്നീട് ഇവിടെയെത്തിയ അഞ്ച് ശിവസേനാ പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരേ മുംബൈയിലെ സമതാ നഗര്‍ പോലിസ് സ്റ്റേഷനില്‍ രാഹുല്‍ ശര്‍മ പരാതി നല്‍കി. രാഹുലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുപേര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും നാലുപേരെ അറസ്റ്റുചെയ്തതായും പോലിസ് അറിയിച്ചു. രണ്ടുപേര്‍ ഒളിവിലാണെന്നും ഇവരെകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലിസ് വ്യക്തമാക്കി.

Tags:    

Similar News