ക്ഷേത്ര പ്രസാദത്തില്‍ ഭക്ഷ്യവിഷബാധ: സ്ത്രീ മരിച്ചു; 11 പേര്‍ ആശുപത്രിയില്‍

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുസ്ത്രീകളെ പോലിസ് അറസ്റ്റ് ചെയ്തു.

Update: 2019-01-26 16:11 GMT

ബെംഗളൂരു: കര്‍ണാടകയിലെ ക്ഷേത്രത്തില്‍ വീണ്ടും ഭക്ഷ്യവിഷബാധ. ചിക്കബല്ലാപുരയില്‍ ക്ഷേത്രത്തില്‍നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിക്കബല്ലാപുര സ്വദേശിനി കവിത(28)യാണു മരിച്ചത്. ഇവരുടെ കുട്ടികളും അവശനിലയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുസ്ത്രീകളെ പോലിസ് അറസ്റ്റ് ചെയ്തു.ജനുവരി 25നു ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. അന്നേദിവസം അജ്ഞാതരായ രണ്ടു സ്ത്രീകള്‍ ക്ഷേത്രത്തിലെത്തിയെന്നും ഇവരാണ് ഹല്‍വ വിതരണം ചെയ്തതെന്നും പോലിസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു സ്ത്രീകളെയും അറസ്റ്റ് ചെയ്തത്. ഹല്‍വ വിതരണം ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്നാണു പോലിസ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടകയിലെ ചാമരാജനഗറിലും പ്രസാദത്തില്‍ ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. പ്രസാദത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് 17 പേര്‍ മരിക്കുകയും നൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിനു പിന്നില്‍ ക്ഷേത്രത്തിലെ തര്‍ക്കമാണെന്നാണു പിന്നീട് കണ്ടെത്തിയത്.




Tags:    

Similar News