കര്‍ഷകരുടെ പ്രക്ഷോഭം 12ാം ദിവസത്തിലേയ്ക്ക്; നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ പാര്‍ട്ടികള്‍

ശിവസേനയും, ശിരോമണി അകാലിദളും, സമാജ്‌വാദി പാര്‍ട്ടിയുമാണ് ഒടുവില്‍ പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ടിആര്‍എസ് തുടങ്ങിയ കക്ഷികള്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Update: 2020-12-07 03:45 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ 'ഡല്‍ഹി ചലോ' പ്രക്ഷോഭം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. സമരത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ശിവസേനയും, ശിരോമണി അകാലിദളും, സമാജ്‌വാദി പാര്‍ട്ടിയുമാണ് ഒടുവില്‍ പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ടിആര്‍എസ് തുടങ്ങിയ കക്ഷികള്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബന്ദിന് പിന്തുണ അറിയിച്ച എന്‍ഡിഎയിലെ ഘടകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി മുന്നണി വിടുന്ന കാര്യത്തില്‍ നാളെ കഴിഞ്ഞ് തീരുമാനമെടുക്കുമെന്ന് അറിയിച്ചു. കോടതി നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് പഞ്ചാബ്, ഹരിയാന ബാര്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. നിയമങ്ങളെ ചോദ്യം ചെയ്ത് ഹരജി നല്‍കിയാല്‍ കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി സൗജന്യമായി ഹാജരാവുമെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ പറഞ്ഞു. ഭാരത് ബന്ദുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ രാവിലെ യോഗം ചേരും.

പ്രക്ഷോഭം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുകയും ഭാരത് ബന്ദ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സ്ത്രീകളും സമരത്തില്‍ അണിനിരക്കുന്നുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് സമരത്തില്‍ പങ്ക് ചേരുന്നത്. സമരം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം തുടങ്ങേണ്ടിവരുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കേന്ദ്രം നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

നിയമഭേദഗതിയല്ല നിയമം പിന്‍വലിക്കലാണ് ആവശ്യമെന്ന് ഇന്നലെ സിംഘുവില്‍ ചേര്‍ന്ന കര്‍ഷകസംഘടനകളുടെ യോഗം ആവര്‍ത്തിച്ചു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ പ്രതിഷേധിക്കുന്ന അതിര്‍ത്തിയായ സിംഘുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സന്ദര്‍ശനം നടത്തും. മുഖ്യമന്ത്രിയോടൊപ്പം മറ്റ് മന്ത്രിമാരും കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ പരിശോധിക്കും.

സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കെജ്‌രിവാള്‍ സംസാരിക്കുമെന്നും പിന്നീട് മാധ്യമങ്ങളെയും അഭിസംബോധന ചെയ്യുമെന്നുമാണ് റിപോര്‍ട്ടുകള്‍. ഡിസംബര്‍ 8ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 'ഭാരത് ബന്ദിന്' ആം ആദ്മി പാര്‍ട്ടി (എഎപി) പിന്തുണ അറിയിച്ചിട്ടുണ്ട്. ഭാരത് ബന്ദ് കണക്കിലെടുത്ത് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സുരക്ഷാവിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News