മോദിയെക്കുറിച്ചുള്ള വെബ് പരമ്പരയ്ക്ക് വിലക്ക്; പ്രക്ഷേപണം ചെയ്ത ഭാഗങ്ങള്‍ നീക്കണം

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗവിന് നിര്‍ദേശം നല്‍കി.

Update: 2019-04-20 13:12 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന വെബ് പരമ്പരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗവിന് നിര്‍ദേശം നല്‍കി. ഇതുവരെ പ്രദര്‍ശിപ്പിച്ച് അഞ്ച് ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് പിന്‍വലിയ്ക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ് ഇത്.

മോദി; ദ ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍ എന്ന് പേരുള്ള വെബ് പരമ്പരയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നിനാണ് പരമ്പരയുടെ പ്രദര്‍ശനം ആരംഭിച്ചത്. അഞ്ച് എപ്പിസോഡുകള്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചു. മഹേഷ് താക്കൂറാണ് ഉമേഷ് ശുക്ല സംവിധാനം ചെയ്തിരിക്കുന്ന വെബ് സീരിസില്‍ മോദിയായി അഭിനയിക്കുന്നത്.

മോദിയുടെ ജീവിത കഥ പറയുന്ന പിഎം മോദി എന്ന ചിത്രത്തിന്റെ റിലീസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. അതിനു പിന്നാലെയാണ് വെബ് പരമ്പരയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  

Tags:    

Similar News