കൊറോണ: ടൂറിസം മേഖലയ്ക്ക് അടിയന്തരസഹായങ്ങളും ഇളവുകളും പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

കൊവിഡ് വ്യാപനത്തോടെ വിനോദസഞ്ചാരമേഖല സ്തംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലാകമാനം ടൂറിസം മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ.

Update: 2020-03-18 15:22 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടൂറിസം മേഖലയ്ക്ക് അടിയന്തരസഹായങ്ങളും ഇളവുകളും പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു. കൊവിഡ് 19 വൈറസിന്റെ വ്യാപനം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ ടൂറിസം മേഖലയ്ക്ക് അടിയന്തരസഹായങ്ങളും ഇളവുകളും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറിനും കത്ത് നല്‍കി.

തന്റെ നിയോജകമണ്ഡലമായ എറണാകുളം ഏറെ ടൂറിസത്തെ ആശ്രയിച്ച് നില്‍ക്കുന്ന പ്രദേശമാണ്. ഒട്ടനവധി വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെത്തിച്ചേരുന്ന പ്രദേശമാണ് എറണാകുളമെന്നും എംപി പറഞ്ഞു. കൊവിഡ് വ്യാപനത്തോടെ വിനോദസഞ്ചാരമേഖല സ്തംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലാകമാനം ടൂറിസം മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് അവരുടെ വരുമാനത്തെ മാത്രമല്ല, നിലവിലുള്ള വായ്പകളുടെ പ്രതിമാസതവണകളായ ആവര്‍ത്തിച്ചുള്ള ചെലവുകള്‍ പരിഹരിക്കാനുള്ള കഴിവിനെയും ബാധിക്കും.

വായ്പ അടയ്ക്കുന്നതിന് താല്‍ക്കാലിക സഹായം, റിസോഴ്‌സ് പാക്കേജുകള്‍ അല്ലെങ്കില്‍ മൊറട്ടോറിയം എന്നിവ വാഗ്ദാനം ചെയ്യുക, ഇന്ത്യയിലെ ടൂറിസം മേഖലയ്ക്ക് ജിഎസ്ടി പെയ്‌മെന്റുകള്‍ മൂന്നുമാസത്തേക്ക് എങ്കിലും മാറ്റിവയ്ക്കുക തുടങ്ങിയ നിരവധി മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ഇവര്‍ക്കുവേണ്ടി പരിശോധിക്കേണ്ടതുണ്ട്. എല്ലാ മേഖലകളിലും പകര്‍ച്ചവ്യാധി സാമ്പത്തികമായുണ്ടാക്കുന്ന ആഘാതം വളരെ അടിയന്തരമായി സര്‍ക്കാര്‍ ഗൗനിക്കണമെന്നും പരിഹാരനടപടികള്‍ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. 

Tags:    

Similar News