ഉത്തര്‍പ്രദേശില്‍ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു

ബിഎസ്പി നേതാവ് ഹാജി അഹ്‌സനും അനന്തരവന്‍ ഷദാബുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ നാജിബാബാദ് ടൗണിലെ ഓഫിസില്‍ ഹാജി അഹ്‌സനും അനന്തരവനും ഓഫിസിലിരിക്കുമ്പോഴായിരുന്നു സംഭവം.

Update: 2019-05-28 14:48 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു. ബിഎസ്പി നേതാവ് ഹാജി അഹ്‌സനും അനന്തരവന്‍ ഷദാബുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ നാജിബാബാദ് ടൗണിലെ ഓഫിസില്‍ ഹാജി അഹ്‌സനും അനന്തരവനും ഓഫിസിലിരിക്കുമ്പോഴായിരുന്നു സംഭവം. അജ്ഞാതരായ അക്രമികള്‍ ഓഫിസില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിജ്‌നര്‍ എസ്പി ലക്ഷ്മി നിവാസ് മിശ്ര അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. അജ്ഞാതരായ രണ്ടുപേരെ പ്രതികളാക്കി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷനല്‍ എസ്പി അറിയിച്ചു. 

Tags: