വോട്ടിങ് യന്ത്രങ്ങള്‍ തട്ടിയെടുത്തത് ബിജെപി സഖ്യകക്ഷി

Update: 2019-05-21 12:15 GMT

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കുറുങ് കുമി ജില്ലയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് വോട്ടിങ് യന്ത്രങ്ങള്‍ തട്ടിയെടുത്തത് ബിജെപി സഖ്യകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകരെന്നു പോലിസ്. അരുണാചല്‍ ടൈംസാണ് ഇക്കാര്യം റിപോര്‍ട്ടു ചെയ്തത്.

മുഖംമൂടി ധരിച്ചെത്തിയ 500ഓളം പേരാണ് കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രങ്ങള്‍ തട്ടിയെടുത്തത്. ഇന്നു റീപോളിങ് നടത്താനിരുന്ന നാംപെ പോളിങ് ബൂത്തിലേക്കു വരികയായിരുന്ന സംഘത്തെയാണ് എകെ 47 അടക്കമുള്ള ആയുധങ്ങളുമായെത്തിയ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. നിരവധി തവണ വെടിവച്ച അക്രമിക ബൂത്തിലേക്കു കൊണ്ടുവരികയായിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നു പോലിസ് അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കു അകമ്പടി സേവിച്ചിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കാതെ സംയമനം പാലിക്കുകയായിരുന്നു. ഇരുപക്ഷത്തും അപകടങ്ങളും മരണങ്ങളും സംഭവിക്കാതിരിക്കാനായിരുന്നു സംയമനം പാലിച്ചതെന്നു നാംപെ സെക്ടര്‍ മജിസ്‌ട്രേറ്റ് റിഡോ താരക് വ്യക്തമാക്കി. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കയ്യില്‍ ഇത്തരത്തില്‍ ആയുധങ്ങള്‍ ലഭിച്ചതെങ്ങനെയെന്നു പരിശോധിക്കുമെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും താരക് പറഞ്ഞു.

അതേസമയം സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചിട്ടില്ലെന്നു അരുണാചല്‍ ടൈംസ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ആകെയുള്ള 60 നിയമസഭാ സീറ്റുകളില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കു 16 സീറ്റുകളാണുള്ളത്. 

Tags: