ഇന്ത്യയുടെ സാംസ്കാരിക ചരിത്രം സംബന്ധിച്ച സമിതിയെ പിരിച്ചുവിടാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ട് 32 എംപിമാർ

ഇതേ അംഗങ്ങളെ ഉൾപ്പെടുത്തി 2016 ൽ സമാനമായ ഒരു കമ്മിറ്റി രൂപീകരിച്ചെങ്കിലും അതിന്റെ ഒരു വർഷത്തെ സമയപരിധിക്കുള്ളിൽ റിപോർട്ട് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.

Update: 2020-09-25 10:39 GMT

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരിക ചരിത്രം പഠിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയെ പിരിച്ചുവിടാൻ രാഷ്ട്രപതിയോടാവശ്യപ്പെട്ട് 32 അംഗ പാർലമെന്റ് അംഗങ്ങൾ. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതി. രാജ്യത്തിന്റെ ബഹുസ്വര സമൂഹത്തെ പ്രതിഫലിപ്പിക്കാത്തതാണ് വിദഗ്ദ്ധ സമിതിയെന്ന് എംപിമാർ പറഞ്ഞു.

16 അംഗ വിദ​ഗ്ധ സമിതിയിൽ രാജ്യത്തിന്റെ ബഹുസ്വര സമൂഹത്തിന്റെ പ്രതിഫലനമൊന്നുമില്ലെന്ന് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദക്ഷിണേന്ത്യക്കാർ, വടക്കുകിഴക്കൻ ഇന്ത്യക്കാർ, ന്യൂനപക്ഷങ്ങൾ, ദലിതർ, സ്ത്രീകൾ എന്നിവരില്ല. ഈ സമിതിയിലെ മിക്കവാറും എല്ലാ അംഗങ്ങളും ഇന്ത്യൻ സമൂഹത്തിലെ ജാതി ശ്രേണിയുടെ മുകളിലുള്ള ഒരു പ്രത്യേക സാമൂഹിക വിഭാ​ഗങ്ങളിൽ നിന്നുള്ളവരാണെന്ന് കത്തിൽ പറയുന്നു.

12,000 വർഷം പഴക്കമുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും പഠിക്കാൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചതായി സെപ്തംബർ 14ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ രേഖാമൂലം മറുപടി നൽകി. കെഎൻ ദീക്ഷിത് (ഇന്ത്യൻ ആർക്കിയോളജിക്കൽ സൊസൈറ്റി ചെയർമാൻ), ആർഎസ് ബിഷ്ത് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ജോയിന്റ് ഡയറക്ടർ ജനറൽ), ബി മണി (ദില്ലിയിലെ നാഷണൽ മ്യൂസിയത്തിന്റെ മുൻ ഡയറക്ടർ ജനറൽ), സന്തോഷ് ശുക്ല (സ്പെഷ്യൽ സെന്റർ ഫോർ സംസ്കൃത സ്റ്റഡീസ്, ജെഎൻയു), പിഎം ശാസ്ത്രി (രാഷ്ട്രീയ സംസ്‌കൃത സംസ്‌കൃതിയുടെ വൈസ് ചാൻസലർ) തുടങ്ങിയവരാണ് സമിതിയിലെ അം​ഗങ്ങൾ.

ഇതേ അംഗങ്ങളെ ഉൾപ്പെടുത്തി 2016 ൽ സമാനമായ ഒരു കമ്മിറ്റി രൂപീകരിച്ചെങ്കിലും അതിന്റെ ഒരു വർഷത്തെ സമയപരിധിക്കുള്ളിൽ റിപോർട്ട് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.

ഇന്ത്യയിൽ വേദ നാഗരികതയല്ലാതെ മറ്റൊരു നാഗരികതയും ഇല്ലേ?,  സംസ്കൃതമല്ലാതെ ഇവിടെ പുരാതന ഭാഷയില്ലേയെന്നും സമിതിയെ എതിർത്തുകൊണ്ട് എം‌പിമാർ ചോദിച്ചു. നമ്മുടെ രാജ്യത്തിന് അതിന്റെ പരിണാമത്തിലും പഠനത്തിലും ബഹുസ്വരതയുടെ വലിയ പാരമ്പര്യമുണ്ട്. സമിതിയുടെ ഭരണഘടനാ ഉദ്ദേശ്യത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച പാർലമെന്റ് അംഗങ്ങൾ, ജോൺ മാർഷലിനെപ്പോലുള്ള പ്രശസ്ത പണ്ഡിതന്മാരുടെ നല്ല സംഭാവനകളെ നിരാകരിക്കുമെന്ന് ഭയപ്പെടുന്നതായും കത്തിൽ പറഞ്ഞു. കെപി ചിദംബരം, കെ കനിമൊഴി, ടി സുമതി, എസ് ജോതിമണി, എഎം ആരിഫ് തുടങ്ങിയവരാണ് കത്തയച്ചത്. 

Similar News