കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി

സാധുവായ സത്യവാങ്ങ്മൂലമോ പെര്‍മിറ്റോ ഇല്ലാതെ തെരുവിലിറങ്ങുന്നവരെ അറസ്റ്റ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ഉണ്ടാകും. ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ നിയമങ്ങളെ മാനിക്കുകയും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും വേണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

Update: 2020-03-30 12:08 GMT

കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ നിലവിലുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പോലിസ് മേധാവിമാര്‍ (സിറ്റി, റൂറല്‍) സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, ചാര്‍ജ് ഓഫിസര്‍മാര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, നാല് താലൂക്ക് സ്‌ക്വാഡുകള്‍, പോലീസ് സ്‌ക്വാഡുകള്‍, 118 വില്ലേജ് സ്‌ക്വാഡുകള്‍ എന്നിവ നിരീക്ഷണത്തിനായി രംഗത്തുണ്ട്.

സാധുവായ സത്യവാങ്ങ്മൂലമോ പെര്‍മിറ്റോ ഇല്ലാതെ തെരുവിലിറങ്ങുന്നവരെ അറസ്റ്റ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ഉണ്ടാകും. ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ നിയമങ്ങളെ മാനിക്കുകയും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും വേണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

വൈറസ് വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിവിധ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ നാല് താലൂക്കുകളിലും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.

ജില്ലയിലെ ഓരോ താലൂക്ക് ഓഫീസുകളിലും തഹസില്‍ദാര്‍, ഭൂരേഖാ ത ഹസില്‍ദാര്‍, രണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍ / ജെ എസ് എന്നിവരുടെ നേതൃത്വത്തില്‍ നാല് സെക്ടറല്‍ ടീമുകളെ ഇതിനായി രൂപീകരിച്ചു. ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍ / ജെ എസ് എന്നിവരെ തഹസില്‍ദാര്‍ നിയോഗിക്കും. ഇവരുടെ സുരക്ഷയ്ക്കായി ഓരോ സ്‌ക്വാഡിലേക്കും ഓരോ പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവികള്‍ നിയോഗിക്കണം. ജില്ലയിലെ നോഡല്‍ ഓഫീസര്‍മാരും താലൂക്ക് ഉദ്യോഗസ്ഥരും പ്രത്യേക സ്‌ക്വാഡുകളായി പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ നോഡല്‍ ഓഫീസര്‍മാരുടെ സ്‌ക്വാഡുകളിലേക്കും പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി നിയോഗിക്കണം.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥര്‍ക്കും അവരുടെ സ്്ക്വാഡുകള്‍ക്കും ആയിരിക്കും. തെറ്റായ സത്യവാങ്മൂലം നല്‍കി യാത്രാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതും പാസുകള്‍ ദുരുപയോഗം ചെയ്യുന്നതും തടയേണ്ടതും വിവരം പോലിസിലറിയിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡുകളുടെ ചുമതലയാണ്. പൊതു സ്ഥലങ്ങളില്‍ ഇവര്‍ കൂട്ടം കൂടുന്നത് തടയണം. 

Tags:    

Similar News