വാഗ്ദാനംചെയ്ത 15 ലക്ഷം എവിടെ? മോദിയോട് പ്രിയങ്കാ ഗാന്ധി

എങ്ങനെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും, എങ്ങനെ സ്ത്രീസുരക്ഷ ഉറപ്പു വരുത്താം, കര്‍ഷകര്‍ക്കായി എന്തു ചെയ്യാനാകും തുടങ്ങിയ വിഷയങ്ങളാകണം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തേണ്ടതെന്നും അതാണ് ശരിയായ രാജ്യസ്‌നേഹമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Update: 2019-03-12 14:12 GMT

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലയില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. വന്‍ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയവരോട് വോട്ടര്‍മാര്‍ ചോദ്യങ്ങളുന്നയിക്കണമെന്ന് അവര്‍ പറഞ്ഞു. വാഗ്ദാനം ചെയ്ത ജോലിയും നല്‍കാമെന്നു പറഞ്ഞ 15 ലക്ഷം എവിടെയെന്നു നിങ്ങള്‍ ചോദിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

എവിടെ നോക്കിയാലും ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഓരോ പൗരനും ജാഗരൂകരായിരിക്കണം. ഈ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്താണ് തിരഞ്ഞെടുക്കുന്നതെന്ന് ചിന്തിക്കണം. നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് സ്വന്തം ഭാവിയെത്തന്നെയാണ്. അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടരുത്. എങ്ങനെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും, എങ്ങനെ സ്ത്രീസുരക്ഷ ഉറപ്പു വരുത്താം, കര്‍ഷകര്‍ക്കായി എന്തു ചെയ്യാനാകും തുടങ്ങിയ വിഷയങ്ങളാകണം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തേണ്ടതെന്നും അതാണ് ശരിയായ രാജ്യസ്‌നേഹമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിക്കും സോണിയയുടെ മണ്ഡലമായ റായ്ബറേലിക്കും പുറത്ത് പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ റാലിയാണ് അഹമ്മദാബാദില്‍ നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് അവര്‍ റാലിയെ അഭിസംബോധന ചെയ്തത്. 'യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ഉറപ്പാക്കണം, രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധമുണ്ടാവണം, കര്‍ഷകര്‍ക്കുവേണ്ടി എന്തുചെയ്തു തുടങ്ങിയവയാകണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ടത്' പ്രവര്‍ത്തക സമിതി യോഗത്തില്‍ അവര്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പൊതുസമ്മേളനത്തില്‍ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

Tags: