ലീഗുമായുള്ള രാഹുലിന്റെ കൂട്ട്‌കെട്ട് മതനിരപേക്ഷതക്ക് യോജിച്ചതല്ല: കാരാട്ട്

രാഹുല്‍ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സംയുക്ത സ്ഥാനാര്‍ഥിയായി ആണ് യുഡിഎഫ് ബാനറില്‍ ജനവിധി തേടുന്നത്. ഹൃസ്വദൃഷ്ടിയോടെയുള്ള സമീപനത്തിന് കോണ്‍ഗ്രസ് വലിയവില നല്‍കേണ്ടിവരുമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

Update: 2019-04-04 20:08 GMT

തിരുവനന്തപുരം: വയനാട്ടില്‍ മുസ്‌ലിം ലീഗിനെ കൂട്ടുപിടിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മതനിരപേക്ഷതക്ക് യോജിച്ചതല്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഹൃസ്വദൃഷ്ടിയോടെയുള്ള സമീപനത്തിന് കോണ്‍ഗ്രസ് വലിയവില നല്‍കേണ്ടിവരുമെന്നും 'ഈ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍' എന്ന തലക്കെട്ടില്‍ 'ദേശാഭിമാനി'യില്‍ എഴുതിയ ലേഖനത്തില്‍ കാരാട്ട് ചൂണ്ടിക്കാട്ടി.

'വയനാട് മണ്ഡലത്തില്‍ മുസ്‌ലിംലീഗിന് ശക്തമായ സാന്നിധ്യമുണ്ട്. രാഹുല്‍ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സംയുക്ത സ്ഥാനാര്‍ഥിയായി ആണ് യുഡിഎഫ് ബാനറില്‍ ജനവിധി തേടുന്നത്. വയനാട്ടിലെ ഇടത് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തില്‍ രാഹുല്‍ ആശ്രയിക്കുന്നത് ലീഗിനെയാണ്. അവരെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോല്‍പിക്കാനാവില്ലെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ സിപിഎമ്മും ഇടതുമുന്നണിയുമാണ് ബിജെപിക്കും ആര്‍എസ്എസിനുമെതിരേ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നത്. കോണ്‍ഗ്രസും യുഡിഎഫും പലഘട്ടങ്ങളിലും വര്‍ഗീയശക്തികളുമായി സന്ധിചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഇതറിവുള്ളതുകൊണ്ട് രാഹുല്‍ ഗാന്ധി മത്സരിച്ചാലും അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ല' കാരാട്ട് കുറിച്ചു.

Tags: