കളഞ്ഞ് കിട്ടിയ സ്വര്‍ണമാല വിറ്റ് ആഘോഷം; യുവാക്കള്‍ പോലിസ് പിടിയില്‍

കഴിഞ്ഞ ആഴ്ച ദേശീയപാതയില്‍ അയിനിക്കാട് കളരിപ്പടിക്ക് സമീപം രാവിലെ 11 ഓടെയായിരുന്നു അപകടം.

Update: 2019-11-27 02:29 GMT

പയ്യോളി: വാഹനാപകടത്തില്‍ ബോധക്ഷയം സംഭവിച്ച യാത്രക്കാരിയുടെ മൂന്ന് പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ട സംഭവത്തില്‍ പയ്യോളി സ്വദേശികളായ യുവാക്കളെ പോലിസ് പിടികൂടി. പരാതി ഇല്ലാത്തതിനാല്‍ പോലിസ് കേസെടുത്തില്ല. കഴിഞ്ഞ ആഴ്ച ദേശീയപാതയില്‍ അയിനിക്കാട് കളരിപ്പടിക്ക് സമീപം രാവിലെ 11 ഓടെയായിരുന്നു അപകടം.

ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് യാത്രക്കാരിയായ വീട്ടമ്മ പുറത്തേക്ക് തെറിച്ചു വീണു. ബോധം നഷ്ടപ്പെട്ട ഇവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.വീട്ടമ്മക്ക് ബോധം വന്ന ശേഷമാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ സ്‌റ്റേഷനില്‍ സൂക്ഷിച്ച പലരുടെയും ബാഗുകള്‍ പോലിസ് പരിശോധിച്ചിരുന്നങ്കിലും ആഭരണം ലഭിച്ചില്ല.

അതേസമയം, അപകടമുണ്ടായ ദിവസം വൈകീട്ട് യുവാക്കള്‍ പതിവില്ലാത്ത വിധം ആഘോഷങ്ങള്‍ നടത്തിയതായി പോലിസിന് വിവരം ലഭിച്ചു ഇവരെ വിളിച്ചു ചോദ്യംചെയ്തതോടയണ് മാല ഇവര്‍ക്ക് ലഭിച്ച വിവരം അറിയുന്നത്. 84,000 രൂപയ്ക്ക് പയ്യോളിയിലെ സ്വര്‍ണ വ്യാപാരിക്ക് വിറ്റതായി യുവാക്കള്‍ മൊഴി നല്‍കി.

സ്വര്‍ണമാല വ്യാപാരിയില്‍ നിന്നും പോലിസ് കണ്ടെടുത്ത് വീട്ടമ്മക്ക് നല്‍കി. വ്യാപാരിക്കുണ്ടായ നഷ്ടം നിശ്ചിത ദിവസങ്ങള്‍ക്കകം നല്‍കാമെന്നതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ പോലിസ് വിട്ടയക്കുകയായിരുന്നു.

Tags:    

Similar News