ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Update: 2026-01-23 06:56 GMT

അഹമ്മദാബാദ്: ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഗുജറാത്ത് മാരിടൈം ബോര്‍ഡിലെ ഉദ്യോഗസ്ഥനായ യശ്‌രാജ്‌സിങ് ഗോഹില്‍ ആണ് ഭാര്യ രാജേശ്വരി ഗോഹിലിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാത്രി അഹമ്മദാബാദിലെ ഫഌറ്റിലായിരുന്നു സംഭവം

രണ്ടുമാസങ്ങള്‍ക്ക് മുന്‍പാണ് യശ്‌രാജും രാജേശ്വരിയും വിവാഹിതരായത്. ബുധനാഴ്ച രാത്രി ഫഌറ്റില്‍വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനെത്തുടര്‍ന്നാണ് യുവാവ് തന്റെ കൈയിലുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് ഭാര്യയ്ക്ക് നേരേ വെടിയുതിര്‍ത്തത്. പിന്നാലെ പ്രതി 108ല്‍ വിളിച്ച് അടിയന്തരസഹായം തേടി. തുടര്‍ന്ന് ആംബുലന്‍സും ഡോക്ടറും സ്ഥലത്തെത്തിയെങ്കിലും യുവതി മരിച്ചതായി സ്ഥിരീകരിച്ചു. മെഡിക്കല്‍ സംഘം ഫഌറ്റില്‍ നിന്ന് പുറത്തുപോയ ഉടനെ യശ്‌രാജ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലിസ് കൂടുതല്‍ വിവരങ്ങള്‍ക്കായി കുടുംബാംഗങ്ങളുമായി സംസാരിക്കുകയും തോക്ക് ലൈസന്‍സ്, 108 കോള്‍ റെക്കോര്‍ഡുകള്‍ എന്നിവ പരിശോധിച്ചു വരികയാണ്.

Tags: