ഹാപുര്‍ (ഉത്തര്‍പ്രദേശ്): ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഭാര്യയുടെ സഹോദരന്മാരടങ്ങിയ സംഘം ഹൈവേയില്‍ ഓടിച്ചിട്ട് പിടികൂടി മര്‍ദ്ദിക്കുകയും വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോനു ചികില്‍സയിലായിരിക്കെ മരിച്ചു.
ബുധനാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ഹാപുറില്‍ താമസിക്കുന്ന സോനുവും ഭാര്യയുമായി തര്‍ക്കമുണ്ടായത്. ഇതിന് പിന്നാലെ യുവതി ബുലന്ദ്ഷഹറിലുള്ള വീട്ടുകാരെ വിവരമറിയിച്ച് വിളിച്ചുവരുത്തുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ച സോനുവിനെ സംഘം പിന്തുടര്‍ന്ന് ഹൈവേയില്‍ വെച്ച് പിടികൂടി വീണ്ടും ആക്രമിക്കുകയായിരുന്നു. സോനുവിനെ സഹായിക്കാന്‍ ശ്രമിച്ച നാട്ടുകാരോടും ഇവര്‍ മോശമായി പെരുമാറി. ശേഷം അക്രമി സംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ സോനുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ ഭാര്യയടക്കം ഏഴുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രാഥമിക അന്വേഷണത്തില്‍, സോനു വിഷാംശമുള്ള പദാര്‍ത്ഥം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് പില്‍ഖുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനിത ചൗഹാന്‍ അറിയിച്ചു.