നഴ്‌സുമാരുടെ ഹോസ്റ്റലില്‍ അതിക്രമം; യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

Update: 2025-12-15 05:05 GMT

തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പോലിസ് പിടികൂടി. പാനൂര്‍ പാറാട് പുത്തൂര്‍ ക്ലബ്ബിന് സമീപം താമസിക്കുന്ന മുഹമ്മദ് അജ്മല്‍ (27) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. ഹോസ്റ്റലില്‍ അനധികൃതമായി പ്രവേശിച്ച പ്രതി യുവതിയെ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ തലശേരി എസ്‌ഐ കെ അശ്വതി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ തലശേരി നാരങ്ങാപ്പുറം മേഖലയില്‍ മറ്റൊരു വീട്ടിലും പ്രതി അതിക്രമിച്ചു കയറിയതായി പോലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലിസ് സംഘത്തിന്റെ വ്യാപകമായ തിരച്ചിലിനൊടുവില്‍ പ്രതിയെ സദാനന്ദപൈ പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് പിടികൂടി. പ്രതിക്കെതിരേ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി ബലാല്‍സംഗം, കവര്‍ച്ച ഉള്‍പ്പെടെ നാലു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Tags: