ഉറങ്ങിക്കിടന്ന ഭര്‍ത്താവിന് നേരെ തിളച്ച എണ്ണയൊഴിച്ചു; യുവതി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: നാലുവയസ്സുകാരിയായ മകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. പൊള്ളലേറ്റ ഭാഗത്ത് യുവതി മുളകുപൊടിയും വിതറിയതായാണ് പരാതി. ഡല്‍ഹി മദന്‍ഗീറിലാണ് സംഭവം. 20 ശതമാനം പൊള്ളലേറ്റ ദിനേഷ് കുമാര്‍ എന്ന യുവാവ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ചികില്‍സയിലാണ്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ദിനേശ് കുമാറിന് നേരെയായിരുന്നു ഭാര്യയുടെ അതിക്രമം. ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ ദിനേശ് അത്താഴം കഴിച്ച് കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ ശരീരത്തില്‍ പൊള്ളല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദനയോടെ ഞെട്ടിയെഴുന്നേറ്റപ്പോള്‍ ഭാര്യ തിളച്ച എണ്ണയുമായി നില്‍ക്കുന്നതാണ് ദിനേശ് കണ്ടത്. എഴുന്നേല്‍ക്കാനോ സഹായത്തിനായി നിലവിളിക്കാനോ കഴിയുന്നതിന് മുന്‍പ് ഭാര്യ പൊള്ളലേറ്റ ഭാഗത്ത് മുളകുപൊടി വിതറുകയായിരുന്നു. നിലവിളിച്ചാല്‍ കൂടുതല്‍ എണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ദിനേശിന്റെ നിലവിളി കേട്ട് ഓടിയെത്തിയത് അയല്‍വാസികളും താഴത്തെ നിലയില്‍ താമസിച്ചിരുന്ന വീട്ടുടമസ്ഥന്റെ കുടുംബവുമാണ്. വാതില്‍ തുറന്നപ്പോള്‍ അദ്ദേഹം വേദനകൊണ്ട് പുളയുന്നതാണ് കണ്ടതെന്ന് വീട്ടുടമയുടെ മകളായ അഞ്ജലി പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് ദിനേശിനൊപ്പം പുറത്തേക്കിറങ്ങിയ ഭാര്യ മറ്റൊരു ദിശയിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍ അഞ്ജലിയുടെ അച്ഛന്‍ ഇടപെട്ട് തടയുകയും ദിനേശിനെ ഓട്ടോ വിളിച്ച് മദന്‍ മോഹന്‍ മാളവ്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.
എട്ട് വര്‍ഷം മുന്‍പാണ് ദിനേശും ഭാര്യയും വിവാഹിതരായത്. ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ദിനേശിനെതിരെ പരാതി നല്‍കിയിരുന്നതായും പോലിസ് അറിയിച്ചു. എന്നാല്‍ അന്ന് ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ദിനേശിന്റെ ഭാര്യക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 118, 124, 326 വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്. യുവതി നിലവില്‍ പോലിസ് കസ്റ്റഡിയിലാണ്.
