ന്യൂഡൽഹി: ഇന്ത്യ, ആക്രമിച്ചാൽ വലിയ ശക്തിയിൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ. പാകിസ്താന്റെ ജലവിതരണം തടസ്സപ്പെടുത്തിയാലോ, അക്രമിച്ചാലോ ആണവായുധങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സൈനിക ആയുധശേഖരവും ഉപയോഗിക്കുമെന്നാണ് ഭീഷണിയിറക്കിയിരിക്കുന്നത്. റഷ്യയിലെ പാകിസ്താൻ അംബാസഡർ ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച റഷ്യൻ ബ്രോഡ്കാസ്റ്റർ ആർടിക്ക് നൽകിയ അഭിമുഖത്തിൽ, മോസ്‌കോയിലെ പാകിസ്താൻ ഉന്നത നയതന്ത്രജ്ഞൻ മുഹമ്മദ് ഖാലിദ് ജമാലി, പാകിസ്താൻ പ്രദേശത്ത് ഇന്ത്യ സൈനിക ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇസ് ലാമാബാദിന് ഇന്റലിജൻസ് വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതിനാൽ തന്നെ തങ്ങൾ മുഴുവൻ ശക്തിയും ഉപയോഗിച്ച് പ്രതികരിക്കും എന്നാണ് പ്രസ്താവന.
സമീപ വർഷങ്ങളിൽ ഇന്ത്യയ്‌ക്കെതിരേ പാകിസ്താൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ നടത്തിയ ഏറ്റവും വ്യക്തമായ ആണവ പ്രതികാര ഭീഷണികളിൽ ഒന്നാണ് ഈ പ്രസ്താവനകൾ. അതേസമയം വിദേശകാര്യ മന്ത്രാലായത്തിൽ നിന്നു ഇതുവരെ ഔദോഗിക പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ല.