വിവാഹമോചന നോട്ടിസ് ലഭിച്ചതിന് പിന്നാലെ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി

Update: 2025-12-24 09:40 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ വിവാഹമോചന നോട്ടിസ് ലഭിച്ചതിന് പിന്നാലെ യുവാവ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സേലം സ്വദേശിനിയായ ഭുവനേശ്വരി(39)യെ ഭര്‍ത്താവ് ബാലമുരുക(40)നാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം പ്രതി സ്വമേധയാ പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭുവനേശ്വരിക്കുനേരെ ബാലമുരുകന്‍ നാലുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭുവനേശ്വരിയെ ഉടന്‍ ഷാന്‍ഭോഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു. ബാലമുരുകന്‍ ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം ആക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടതായാണ് പോലിസ് വ്യക്തമാക്കുന്നത്. ഒരാഴ്ച മുന്‍പ് ഭുവനേശ്വരി വിവാഹമോചന നോട്ടിസ് അയച്ചിരുന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ബാലമുരുകന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നെങ്കിലും കഴിഞ്ഞ നാലു വര്‍ഷമായി തൊഴിലില്ലാതെ ഇരിക്കുകയാണ്. ഭുവനേശ്വരി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. 2011ലാണ് ഇരുവരുടെയും വിവാഹം. സേലം സ്വദേശികളായ ദമ്പതികള്‍ 2018ല്‍ ബെംഗളൂരുവിലേക്ക് താമസം മാറി. ഇവര്‍ക്കു രണ്ടു മക്കളുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഭുവനേശ്വരി രാജാജി നഗറില്‍ കുട്ടികളോടൊപ്പമായിരുന്നു താമസം. ഭാര്യയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും പോലിസ് അറിയിച്ചു.

സംഭവത്തില്‍ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഉപയോഗിച്ച തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളും പോലിസ് പരിശോധിച്ചുവരികയാണ്.

Tags: