ദാമ്പത്യ പ്രശ്‌നങ്ങളുടെ പേരില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി

Update: 2026-04-01 11:02 GMT

മുംബൈ: കുടുംബ വഴക്കുകളുടെയോ ദാമ്പത്യ പ്രശ്‌നങ്ങളുടെയോ അടിസ്ഥാനത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഭാര്യയെ സ്വമേധയാ ഉത്തരവാദിയാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ വ്യക്തമായ ഉദ്ദേശ്യവും പ്രേരണയും തെളിയിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ 2019 നവംബര്‍ 26നു ട്രെയിനിന് മുന്നില്‍ ചാടി ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിധി. മരിച്ചയാളുടെ പിതാവ്, മരുമകള്‍ നിരന്തരം വഴക്കിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് മകന്‍ ജീവനൊടുക്കിയതെന്ന് ആരോപിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഭാര്യക്കെതിരേ ആത്മഹത്യാ പ്രേരണ കേസ് രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി, ദാമ്പത്യ ജീവിതത്തിലെ സാധാരണ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി. ഒരാളെ ജീവനൊടുക്കാന്‍ നിര്‍ബന്ധിക്കാനുള്ള വ്യക്തമായ ഉദ്ദേശം തെളിയിക്കപ്പെട്ടാല്‍ മാത്രമേ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ ബാധകമാകൂ എന്നും കോടതി പറഞ്ഞു. ഭാര്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ കോടതി, എഫ്‌ഐആറും തുടര്‍ന്ന് നടന്നുകൊണ്ടിരുന്ന വിചാരണ നടപടികളും റദ്ദാക്കി.

Tags: