ഉത്തരേന്ത്യന്‍ രീതിയില്‍ വ്യാജ കേസുകള്‍ ചമയ്ക്കുന്ന പാലക്കാട് പോലിസ് നിയമവ്യവസ്ഥയെ അരാജകത്വത്തിലേക്ക് നയിക്കുന്നു: പി ആര്‍ സിയാദ്

Update: 2022-12-10 13:10 GMT

കൊല്ലങ്കോട്: ഉത്തരേന്ത്യന്‍ രീതിയില്‍ വ്യാജ കേസുകള്‍ ചമയ്ക്കുന്ന പാലക്കാട് പോലിസ് നിയമവ്യവസ്ഥയെ അരാജകത്വത്തിലേക്ക് നയിക്കുകയാണന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. പാലക്കാട് ജില്ലയില്‍ 'എസ്ഡിപിഐയെ വേട്ടയാടുന്നത് എന്തുകൊണ്ട് ?എന്ന പ്രമേയത്തില്‍ പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെ ജില്ലയില്‍ നടത്തുന്ന കാംപയിനിന്റെ ഭാഗമായി കൊല്ലങ്കോട് മണ്ഡലത്തില്‍ നടന്ന വാഹനപ്രചാരണ ജാഥയുടെ മണ്ഡലംതല സമാപന സമ്മേളനവും പ്രതിഷേധ സംഗമവും കൊല്ലങ്കോട് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നടന്ന രണ്ട് അനിഷ്ടസംഭവങ്ങളില്‍ പാലക്കാട് പോലിസ് വിവേചനപരമായാണ് പെരുമാറുന്നത്.

കേസന്വേഷണം നിയമവിധേയവും നീതിപൂര്‍വകവുമാവണം. തെളിവുകളുണ്ടായിട്ടും സുബൈര്‍ വധക്കേസില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും അറച്ചുനില്‍ക്കുന്ന പാലക്കാട് പോലിസിന്റെ തനിനിറം പൊതുജനം തിരിച്ചറിയണം. ആര്‍എസ്എസ്സുകാരന്റെ ഓഫിസില്‍ നിന്ന് തരുന്ന പട്ടികയനനുസരിച്ച് തങ്ങളുടെ പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് തളര്‍ത്താമെന്ന് പാലക്കാട് പോലിസ് വ്യാമോഹിക്കേണ്ടതില്ല. സുബൈര്‍ വധക്കേസിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പങ്കുകൂടി അന്വേഷിക്കണം.

സുബൈറിന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ വന്നവരെയും അന്ത്യകര്‍മങ്ങളില്‍ പങ്കാളികളായവരെയും ആര്‍എസ്എസ്സുകാരുടെ തീട്ടൂരത്തിനനുസരിച്ച് അറസ്റ്റ് ചെയ്യുകയാണ് പാലക്കാട് പോലിസ്. നിയമം പാലിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട പാലക്കാട് പോലിസ് കള്ളക്കഥകള്‍ മെനഞ്ഞാണ് അമീര്‍ അലിയെ അറസ്റ്റ് ചെയ്തത്. മധു വധക്കേസിലും വാളയാര്‍ കേസിലും പോലിസിന്റ പങ്ക് അന്വേഷിക്കണമെന്ന് അമീറലി ആവശ്യപ്പെട്ടിരുന്നു.

വസ്തുതകളുടെ അന്യേഷണത്തില്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും വാളയാര്‍ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുതകുന്ന തരത്തിലുള്ള പോലിസിന്റെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നും അമീറലി ആവശ്യപ്പെട്ടിരുന്നു. പാലക്കാട് പോലിസിന്റെ ജനവിരുദ്ധനയങ്ങള്‍ ചോദ്യം ചെയ്തതിലുള്ള പ്രതികാരമാണ് അമീറലിയുടെ അറസ്റ്റ്. പാലക്കാട് ജില്ലയിലെ ചില പോലിസ് സ്‌റ്റേഷനുകളില്‍ ആര്‍എസ്എസ്സുകാരും പോലിസുകാരും ചില ഒത്തുതീര്‍പ്പുകള്‍ നടപ്പാക്കുകയാണ്. സംസ്ഥാനത്തിനുതന്നെ നാണക്കേടായ രീതിയിലാണ് പാലക്കാട് പോലിസ് നിലകൊള്ളുന്നത്.

ആര്‍എസ്എസ്സിന് വേണ്ടിയുള്ള ദാസ്യപ്പണിയാണ് പാലക്കാട് പോലിസ് ചെയ്തുകൊണ്ടിരിക്കുന്നത്. പാലക്കാട് പോലിസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുള്ള ഗുണം കോര്‍പറേറ്റ് ഫാഷിസ്റ്റുകള്‍ക്കാണ്. ഇവര്‍ക്ക് വേണ്ടിയാണ് നിയമപാലകര്‍ കുഴലൂത്ത് നടത്തുന്നതെങ്കില്‍ രാജ്യത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും പി ആര്‍ സിയാദ് കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് തൗഫീഖ് പുതുനഗരം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്് ഷെഹീര്‍ ചാലിപ്പുറം, മണ്ഡലം സെക്രട്ടറി ഷെമീര്‍ പുതുനഗരം, മണ്ഡലം കമ്മിറ്റിയംഗം സിറാജ് നാലകത്ത് സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ സക്കീര്‍ ഹുസൈന്‍ കൊല്ലങ്കോട്, ഹഖീം കൊടുവായൂര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News