'താന്‍ ആരുടെ ഏജന്റ്, ഒന്നിച്ചിരുന്ന് തീരുമാനിക്കൂ': സമാജ്‌വാദി, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളോട് ഉവൈസി

ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഉവൈസിയെ വിവിധ പാര്‍ട്ടികളുടെ ഏജന്റായി പരസ്പരം ചിത്രീകരിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിനിടെയാണ് മുഖ്യധാര പാര്‍ട്ടികളെ പരിഹസിച്ച് ഉവൈസി മുന്നോട്ട് വന്നത്.

Update: 2021-11-26 03:14 GMT

ന്യൂഡല്‍ഹി: തനിക്കെതിരായ കുപ്രചാരണങ്ങളില്‍ 'സമവായം' ഉണ്ടാക്കണമെന്ന് സമാജ്‌വാദി, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച് എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തേഹാദുല്‍ മുസ്‌ലിമീന്‍) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഉവൈസിയെ വിവിധ പാര്‍ട്ടികളുടെ ഏജന്റായി പരസ്പരം ചിത്രീകരിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിനിടെയാണ് മുഖ്യധാര പാര്‍ട്ടികളെ പരിഹസിച്ച് ഉവൈസി മുന്നോട്ട് വന്നത്.

'ഉവൈസി സമാജ്‌വാദി പാര്‍ട്ടിയുടെ ഏജന്റാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം, ഉവൈസി ബിജെപിയുടെ ഏജന്റാണെന്ന് എസ്പി പറയുന്നു, താന്‍ ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് പറയുന്നു, എല്ലാവരോടും ഒരുമിച്ച് ഇരിന്നു താന്‍ ആരുടെ ഏജന്റാണെന്ന് തീരുമാനിക്കുക'-ഉവൈസി പരിഹസിച്ചു. ജൗന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ബിഹാറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉവൈസിയെ 'വോട്ട് വെട്ടുകാരന്' എന്ന് വിശേഷിപ്പിച്ചത് കോണ്‍ഗ്രസാണ്. ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള സീമാഞ്ചല്‍ മേഖലയില്‍ ഉവൈസിയുടെ പാര്‍ട്ടി 20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പാര്‍ട്ടി മൂന്ന് സീറ്റുകള്‍ നേടി, മുസ്ലീം വോട്ടുകള്‍ വിഭജിക്കുകയും പ്രദേശം തൂത്തുവാരാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ തകര്‍ക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉവൈസിയെ സമാജ്‌വാദി പാര്‍ട്ടിയുടെ ഏജന്റാണെന്ന് വിശേഷിപ്പിച്ചിരുന്നു. എസ്പിയുടെ ഏജന്റെന്ന നിലയില്‍ ഉവൈസി മത വികാരം ഇളക്കിവിടുകയാണെന്നും യോഗി ആരോപിച്ചിരുന്നു.

Tags:    

Similar News