നിയമലംഘനം: പാലക്കാടും കണ്ണൂരും സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റും ഫിറ്റ്‌നസും റദ്ദാക്കി

Update: 2022-10-11 07:06 GMT

പാലക്കാട്/കണ്ണൂര്‍: നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് പാലക്കാടും കണ്ണൂരും സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കി. കണ്ണൂരില്‍ നാല് സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പാലക്കാട് ആറ് ടൂറിസ്റ്റ് ബസ്സുകളുടെ ഫിറ്റ്‌നെസും റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്. ഏഴ് ബസ്സുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തി. ചട്ടം ലംഘിച്ച് ലൈറ്റും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ച ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കണ്ണൂരില്‍ രണ്ട് ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി.

കണ്ണൂരിലെ സ്വകാര്യബസ്സുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച ജില്ലയില്‍ 310 ബസ്സുകള്‍ പരിശോധിച്ചതില്‍ 147 എണ്ണത്തിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 147 ബസ്സുകളില്‍നിന്നായി ആകെ 52,500 രൂപ പിഴയീടാക്കി. തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ചതിനു 29 ബസ്സുകള്‍ക്കും രൂപമാറ്റം വരുത്തിയതിന് നാല് ബസ്സുകള്‍ക്കും പിഴയിട്ടു. ടാക്‌സടയ്ക്കാതെ നിരത്തിലോടിയ ഒരു ബസ്സിന് നോട്ടീസ് നല്‍കി. എയര്‍ഹോണ്‍ ഘടിപ്പിച്ചതിന് 17 ബസ്സുകള്‍ക്കും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന് രണ്ട് ബസ്സുകള്‍ക്കും പിഴയിട്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

അതിനിടെ, ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ടൂറിസ്റ്റ് ബസ്സുടമകള്‍ ഗതാഗത മന്ത്രിയെ കാണുന്നുണ്ട്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരേ ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമലംഘകരായ ഡ്രൈവര്‍മാരുടെ ലൈസന്‍സും ഉടനടി സസ്‌പെന്റ് ചെയ്യാന്‍ ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. അത്തരം ബസ്സുകള്‍ ഇന്ന് മുതല്‍ നിരത്തിലുണ്ടാവരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

വടക്കഞ്ചേരി അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപോര്‍ട്ട് കിട്ടിയതിന് പിന്നാലെയാണ് നടപടികള്‍ കര്‍ശനമാക്കിയത്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറും വ്യക്തമാക്കിയിരുന്നു. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലര്‍മാര്‍ക്കെതിരെയും കേസെടുക്കും. നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍, പിഴയടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കുന്നതാണ് പതിവ്. ഇതിന് തടയിടാന്‍ ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കും.

ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത് പറഞ്ഞു. നിയമവിരുദ്ധ ശബ്ദസംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വിനോദയാത്ര നടത്തിയാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടി വരും. നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങള്‍, ലൈറ്റുകള്‍, ഗ്രാഫിക്‌സ് സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇന്ന് മുതല്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

Tags: