അച്ചടക്ക ലംഘനം; അഞ്ച് ശ്രീലങ്കന്‍ മന്ത്രിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-11-23 01:23 GMT

കൊളംബോ: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ശ്രീലങ്കന്‍ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി (എസ്എല്‍എഫ്പി) സസ്‌പെന്റ് ചെയ്തു. റനില്‍ വിക്രമസിംഗെ സര്‍ക്കാരിലെ വ്യോമയാനമന്ത്രി നിമല്‍ സിരിപാല ഡിസില്‍വ, കൃഷിമന്ത്രി മഹിന്ദ അമരവീര എന്നിവരെയും മറ്റ് മൂന്ന് ജൂനിയര്‍ മന്ത്രിമാരെയുമാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി സസ്‌പെന്റ് ചെയ്തത്.

സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഇവര്‍ ലംഘിച്ചതായി വിലയിരുത്തിയാണ് നടപടി. വിശദീകരണം നല്‍കുന്നതുവരെ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദയാസിരി ജയശേഖര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2023ലെ നിര്‍ണായക ബജറ്റിന്റെ അംഗീകാര വോട്ട് പാര്‍ലമെന്റില്‍ നടക്കാനിരിക്കെയാണ് പാര്‍ട്ടി നടപടി. അതേസമയം, പ്രസിഡന്റ് വിക്രമസിംഗെ മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പുറത്താക്കിയിട്ടില്ല.

Tags: