അപകടകാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Update: 2022-10-06 02:37 GMT

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേര്‍ മരിക്കാനിടയായ അപകടമുണ്ടാവാന്‍ കാരണമായത് ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗതയാണെന്ന് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്സിന്റെ ഡ്രൈവര്‍. അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയുടെ പിന്നിലിടിച്ചു തലകീഴായി മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികളും പറയുന്നു. കെഎസ്ആര്‍ടിസി ബസ്സിന്റെ വലതുഭാഗത്ത് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു.

ടൂറിസ്റ്റ് ബസ് സമീപത്തെ ചതുപ്പിലെക്ക് പൂര്‍ണമായും മറിഞ്ഞു. ക്രെയിന്‍ കൊണ്ടുവന്ന് ബസ് നിവര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. ബസ്സിലുണ്ടായിരുന്നവരെ വളരെ സാഹസികമായാണ് പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ട പലരുടെയും ശരീരഭാഗങ്ങള്‍ അറ്റുപോയ നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസ്സിന്റെ വലതുഭാഗത്തെ സീറ്റുകളിലിരുന്ന ആളുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. എറണാകുളം മാര്‍ ബസേലിയോസ് സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്.

37 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍ വിദ്യാര്‍ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്. 27 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര- കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. 12 പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്.

Tags: