'അര്‍ബന്‍ നക്‌സലുകള്‍ വേഷം മാറി ഗുജറാത്തിലെത്തിയിരിക്കുന്നു'; ആം ആദ്മി പാര്‍ട്ടിക്കെതിരേ പ്രധാനമന്ത്രി

Update: 2022-10-10 08:43 GMT

ബറൂച്ച്:'അര്‍ബന്‍ നക്‌സലുകള്‍' തങ്ങളുടെ രൂപം മാറ്റി ഗുജറാത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ യുവാക്കളുടെ ജീവിതം നശിപ്പിക്കാന്‍ അവരെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ രാജ്യത്തെ ആദ്യ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'അര്‍ബന്‍ നക്‌സലുകള്‍ പുതിയ രൂപഭാവങ്ങളോടെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ വേഷം മാറ്റി. നിരപരാധികളും ഊര്‍ജ്ജസ്വലരുമായ നമ്മുടെ യുവാക്കള്‍ അവരെ പിന്തുടര്‍ന്ന് വഴി തെറ്റുന്നു'- ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് എഎപി. പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ നേരിട്ടാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

'അര്‍ബന്‍ നക്‌സലുകള്‍ കാലെടുത്തുവയ്ക്കുന്നു. നമ്മുടെ യുവതലമുറയെ നശിപ്പിക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ല. രാജ്യത്തെ നശിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ നമ്മുടെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. അവര്‍ വിദേശശക്തികളുടെ ഏജന്റുമാരാണ്. ഗുജറാത്ത് അവര്‍ക്കുമുന്നില്‍ തല കുനിക്കരുത്. ഗുജറാത്ത് അവരെ നശിപ്പിക്കും'- പ്രധാനമന്ത്രി മോദി പറഞ്ഞു.

2014ല്‍ താന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ലോകത്ത് പത്താം സ്ഥാനത്തായിരുന്നുവെന്നും ഇപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: