കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമം: രണ്ട് പേര് അറസ്റ്റില്‍
പെരുമ്പാവൂര്‍ പാറപ്പുറം ഒളിപ്പറമ്പില്‍ വീട്ടില്‍ റോഹന്‍ ഡിസില്‍വ (23), ചേലാമറ്റം കാരിക്കോട് പുത്തന്‍പുരക്കല്‍ അരുണ്‍ (28) എന്നിവരെ എസ് പി യുടെ സ്പെഷ്യല്‍ സ്ക്വാഡാണ് പിടി കൂടിയത്.
പെരുമ്പാവൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവും മയക്കുമരുന്ന് അടങ്ങിയ ഗുളികയും കൈമാറാന്‍ ശ്രമിച്ച രണ്ട് പേരെ പോലിസ് പിടികൂടി. പെരുമ്പാവൂര്‍ പാറപ്പുറം ഒളിപ്പറമ്പില്‍ വീട്ടില്‍ റോഹന്‍ ഡിസില്‍വ (23), ചേലാമറ്റം കാരിക്കോട് പുത്തന്‍പുരക്കല്‍ അരുണ്‍ (28) എന്നിവരെ എസ് പി യുടെ സ്പെഷ്യല്‍ സ്ക്വാഡാണ് പിടി കൂടിയത്.
കഞ്ചാവ് കേസില്‍ റിമാന്റിലുള്ള ഏണസ്റ്റ് എന്ന പ്രതിയെ ശനിയാഴ്ച ഉച്ചക്ക് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോളായിരുന്നു സംഭവം. റോഹന്‍ ഗുളികകളും അരുണ്‍ കഞ്ചാവും കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി തിരിച്ചിറങ്ങുമ്പോള്‍ സുഹൃത്തുക്കളായിരുന്ന ഇവരുമായി ഏണസ്റ്റ് സംസാരിക്കുന്നതിനിടെയാണ് കൈമാറ്റമുണ്ടായത്.
പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ എറിഞ്ഞു കളയാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് കഞ്ചാവ് എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എസ് പി ഇത്തരം പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ നിരീക്ഷിക്കാന്‍ സ്ക്വാഡിനെ നിയോഗിച്ചിരുന്നു.