അബൂബക്കര്‍ അല്‍ ബഗ്ദാദിയുമായി അടുത്ത ബന്ധമുള്ള ഐഎസ് നേതാവിനെ അറസ്റ്റ് ചെയ്തതായി തുര്‍ക്കി

ബുധനാഴ്ച ഇസ്താംബുള്‍ നഗരത്തിന്റെ ഏഷ്യന്‍ ഭാഗത്തെ അതാസെഹീര്‍ ജില്ലയില്‍നിന്നാണ് അഫ്ഗാന്‍ പൗരനെ കസ്റ്റഡിയിലെടുത്തതെന്ന് തുര്‍ക്കി പോലിസ് പ്രസ്താവനയില്‍ വെളിപ്പെടുത്തി.

Update: 2021-05-03 13:09 GMT


അബൂബക്കര്‍ അല്‍ ബഗ്ദാദി (ഫയല്‍ ചിത്രം)

ആങ്കറ: യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത സഹായിയെ അറസ്റ്റ് ചെയ്തതായി തുര്‍ക്കി പോലിസും രഹസ്യാന്വേഷണ ഏജന്‍സിയും അറിയിച്ചു.

ബുധനാഴ്ച ഇസ്താംബുള്‍ നഗരത്തിന്റെ ഏഷ്യന്‍ ഭാഗത്തെ അതാസെഹീര്‍ ജില്ലയില്‍നിന്നാണ് അഫ്ഗാന്‍ പൗരനെ കസ്റ്റഡിയിലെടുത്തതെന്ന് തുര്‍ക്കി പോലിസ് പ്രസ്താവനയില്‍ വെളിപ്പെടുത്തി. അസിം എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ഇറാഖിലെയും സിറിയയിലെയും ഐഎസ് പ്രവര്‍ത്തകര്‍ക്ക് സൈനിക പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഗ്രൂപ്പിന്റെ തീരുമാനമെടുക്കുന്ന കൗണ്‍സിലില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 ഒക്ടോബറില്‍ ഇദ്‌ലിബ് ഗവര്‍ണറേറ്റില്‍ യുഎസ് പ്രത്യേക സേന നടത്തിയ റെയ്ഡില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഇറാഖില്‍ നിന്ന് സിറിയയിലെ സുരക്ഷിത പ്രദേശത്തേക്ക് കടക്കാന്‍ അല്‍ ബാഗ്ദാദിയെ സഹായിച്ചത് ഇയാള്‍ ആയിരുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കി.

Tags: