ഈ ആഴ്ച ഗസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ കഴിയുമെന്ന് ട്രംപ്; അമേരിക്കയില്‍ എത്തി നെതന്യാഹു

Update: 2025-07-07 10:44 GMT

വാഷിങ്ടണ്‍: ഈ ആഴ്ച ഗസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ബന്ദികളാക്കുന്നവരില്‍ പലരെയും സംബന്ധിച്ച് ഈ ആഴ്ചയില്‍ ഹമാസുമായി ഒരു കരാറില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ധാരാളം ബന്ദികളെ മോചിപ്പിച്ചു, പക്ഷേ ശേഷിക്കുന്ന ബന്ദികളെ സംബന്ധിച്ചിടത്തോളം, അവരില്‍ പലരും പുറത്തുവരും. ഈ ആഴ്ച ഞങ്ങള്‍ അത് ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നു,' ട്രംപ് ന്യൂജേഴ്‌സിയിലെ മോറിസ്ടൗണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. ഗസ വെടിനിര്‍ത്തല്‍, തടവുകാരെ കൈമാറുന്നതിനുള്ള കരാര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക വിഷയങ്ങളില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി നെതന്യാഹു വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തി. അല്‍പ്പമണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായക കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് സൂചനകള്‍.

Tags: