ട്രംപിന്റെ വസതിയിലെ റെയ്ഡ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട 'അതീവ രഹസ്യ' രേഖകള്‍ കണ്ടെടുത്തെന്ന് റിപോര്‍ട്ട്

Update: 2022-08-13 01:26 GMT

ഫ്‌ളോറിഡ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ ആഡംബര വസതിയില്‍ വ്യായാഴ്ച ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്ബിഐ) നടത്തിയ റെയ്ഡിനിടെ 'അതീവ രഹസ്യ' സ്വഭാവമുള്ള രേഖകള്‍ കണ്ടെത്തിയതായി റിപോര്‍ട്ടുകള്‍. പാം ബീച്ചിലെ വസതിയില്‍ നടന്ന റെയ്ഡിന്റെ വാറന്റ് വിശദാംശത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. പ്രതിരോധ രാജ്യരക്ഷ മേഖലകളുമായി ബന്ധപ്പെട്ട 11 സെറ്റ് രഹസ്യരേഖകളും ഫ്രഞ്ച് പ്രസിഡന്റിനെ സംബന്ധിച്ച ഫോള്‍ഡറും ട്രംപിന്റെ വസതിയില്‍ നിന്നും വീണ്ടെടുത്തതായാണ് വിവരം. ഇവ കൈവശം വച്ചതിന്റെ പേരില്‍ ട്രംപിന് മേല്‍ രാജ്യദ്രോഹമടക്കമുള്ള കുറ്റം ചുമത്താന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫ്‌ലോറിഡയിലെ ട്രംപിന്റെ വീട്ടില്‍ ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ക്കായി എഫ്ബിഐ തിരച്ചില്‍ നടത്തിയെന്ന് യുഎസ് മാധ്യമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. എഫ്ബിഐ കണ്ടെടുത്ത രഹസ്യരേഖകളില്‍ ആണവായുധങ്ങളുമായി ബന്ധമുള്ള രേഖകളുമുണ്ടെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നു. കണ്ടെത്തിയ രേഖകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പരസ്യപ്പെടുത്തിയ വിവരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണെന്ന് ട്രംപ് പറഞ്ഞു.

തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം വാര്‍ത്തകളെ തള്ളി വിശദീകരണവുമായെത്തിയത്. ആഗസ്ത് 8 നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ റിപോര്‍ട്ടുകള്‍ വ്യാജമാണെന്ന് ട്രംപ് ആരോപിച്ചു. 'റഷ്യ, റഷ്യ, റഷ്യ എന്ന ഒരു തട്ടിപ്പ് പോലെ ആണവായുധങ്ങളും ഒരു തട്ടിപ്പാണ്', റഷ്യയുമായുള്ള തന്റെ ബന്ധത്തെപ്പറ്റി റോബര്‍ട്ട് മുള്ളര്‍ പ്രചരിപ്പിച്ച വാര്‍ത്തപോലെ ഇതും ഒരു തട്ടിപ്പാണ് എന്ന് അദ്ദേഹം കുറിച്ചു.

വീട്ടില്‍ പരിശോധന നടത്തിയ നിയമപാലകരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. തങ്ങളുടെ അഭിഭാഷകരുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ പരിശോധന നടത്താന്‍ എഫ്ബിഐ ഉദ്യോ?ഗസ്ഥര്‍ എന്തുകൊണ്ട് മടിക്കുന്നുവെന്നും ട്രംപ് ചോദിച്ചു. വൈറ്റ് ഹൗസിന്റെ രഹസ്യരേഖകള്‍ അനധികൃതമായി ട്രംപ് സൂക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ വീട്ടില്‍ എഫ്ബിഐ റെയ്ഡ് നടന്നത്. ഫ്‌ളോറിഡയിലെ തന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എഫ്ബിഐ ഏജന്റുമാര്‍ ഉപയോഗിച്ച സെര്‍ച്ച് വാറണ്ട് പുറത്തുവിടാനും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, ട്രംപിന്റെ വസതിയില്‍ തിരഞ്ഞ ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ യുഎസിന്റേതാണോ അതോ മറ്റേതെങ്കിലും രാജ്യത്തിന്റേതാണോ എന്ന് വെളിപ്പെട്ടിട്ടില്ല. ദേശീയ പ്രതിരോധ വിവരങ്ങള്‍ കൈവശം വയ്ക്കുന്നതിനോ കൈമാറുന്നതിനോ വിലക്കുന്ന ഫെഡറല്‍ നിയമമായ ചാരവൃത്തി നിയമം ട്രംപ് ലംഘിച്ചുവെന്ന് വിശ്വസിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ബ്രൂസ് റെയ്ന്‍ഹാര്‍ട്ടിനോട് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വാറണ്ട് അപേക്ഷയില്‍ പറഞ്ഞു.

'പരമ രഹസ്യം' എന്ന് ലേബല്‍ ചെയ്ത രേഖകള്‍ ട്രംപിന്റെ പക്കലുണ്ടെന്നാണ് റിപോര്‍ട്ട്. 'ടോപ്പ് സീക്രട്ട്' എന്നത് രാജ്യത്തെ ഏറ്റവും അടുത്ത് സൂക്ഷിക്കുന്ന ദേശീയ സുരക്ഷാ വിവരങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന പദമാണ്. ഇത് സാധാരണയായി സര്‍ക്കാര്‍ പ്രത്യേകമായി സൂക്ഷിക്കുന്നു, കാരണം ഇത് വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കും.

Tags: