പരിശോധന ഒഴിവാക്കാന്‍ കാറില്‍ കുട്ടികളും സ്ത്രീകളും; ദമ്പതികളുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
കോവളം: കാറില്‍ കടത്തിക്കൊണ്ടുവന്ന 21.5 കിലോ കഞ്ചാവ് സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. വലിയവേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരാണ് പിടിയിലായത്. പ്രതികളോടൊപ്പം അവരുടെ മൂന്നു കുട്ടികളും വാഹനത്തിലുണ്ടായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഇന്നലെ രാത്രി 9.30ഓടെ വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിന് മുന്നില്‍ വച്ചാണ് ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവുമായി കാറില്‍ എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാര്‍ലോസിനെ മുന്‍പ് കഞ്ചാവുകേസില്‍ എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നുവെന്നും ബിന്ദുവിനെ രണ്ടു മാസം മുന്‍പ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നുവെന്നും പോലിസ് അറിയിച്ചു. കുട്ടികളും സ്ത്രീകളും ഒപ്പമുണ്ടായിരിക്കുമ്പോള്‍ ചെക്ക്‌പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന ഉണ്ടാകാത്ത സാഹചര്യം മറയാക്കി കഞ്ചാവ് കടത്തുന്നതാണ് ഇവരുടെ രീതി എന്നും ഡാന്‍സാഫ് അധികൃതര്‍ പറഞ്ഞു. പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും വിഴിഞ്ഞം പോലിസിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.