ഒഡീഷയില്‍ മൂന്ന് ബംഗാളി മുസ് ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തി, പ്രതിഷേധം

Update: 2026-01-31 11:16 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ മൂന്ന് ബംഗാളി മുസ് ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. കേന്ദ്രപാര ജില്ലയില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ഇവരെ കാണാതായെന്നായിരുന്നു നേരത്തെ വന്നിരുന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ മൂന്നു പേരെയും നാടുകടത്തിയെന്ന് ഔദ്യോഗികമായി പോലിസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. 63 വയസ്സായ മുംതാസ് ഖാന്‍, 59 വയസ്സായ ഇന്‍സാന്‍ ഖാന്‍, സഹോദരി അമീന ബീവി എന്നിവരെയാണ് നാടുകടത്തിയത്.

ഇതിനെതിര തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്നാല്‍ ആരാണ് തങ്ങളെ സഹായിക്കുക എന്നറിയില്ലെന്നും മുംതാസ് ഖാന്റെ മകന്‍ മുഖ്താര്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍ മുംതാസ് ഖാന്റൈ രേഖകള്‍ പരിശോധിച്ച ശേഷമാണ് നടപടികള്‍ നടത്തിയതെന്നും രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചിരുന്നെന്നും പോലിസ് പറയുന്നു. പറഞ്ഞ സമയത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ലഭിച്ചില്ലെന്നും തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ബംഗ്ലാദേശിലേക്ക് അവരെ കയറ്റി അയച്ചതെന്നുമാണ് പോലിസിന്റെ മറ്റൊരു വാദം.

ഇതിനായി പോലിസ്, ഖാന്‍ കുടുംബത്തിന്റെ ചരിത്രം കുടിയേറിയവരുടേതാണെന്നും ന്യായീകരിക്കുന്നുണ്ട്. ഖാന്‍ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയായ യാസിന്‍ ഖാന്റെ തലമുറ ബംഗ്ലാദേശില്‍ വന്ന് എത്തിയവരാണെന്നാണ് പോലിസിന്റെ വാദം.എന്നാല്‍ ഭൂരേഖകള്‍, ആധാര്‍ തുടങ്ങി മറ്റു പ്രധാന രേഖകള്‍ ചൂണ്ടികാണിച്ചുകൊണ്ട് കുടുംബം പോലിസിന്റെ വാദം തള്ളി കളഞ്ഞു. ഇവരുടെ കുടുംബം 60 വര്‍ഷത്തിലധികമായി ഇവിടെ താമസിച്ചുവരികയാണെന്ന് പ്രദേശവാസികളും പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പോലിസിന്റെ വേട്ടയാടല്‍ നടപടികള്‍ ആരംഭിച്ചത്. മുംതാസ് ഖാനടക്കം 12 പേരെയാണ് അന്ന് പോലിസ് അറസ്റ്റ് ചെയ്തത്.

Tags: