മാളക്കാര്‍ക്ക് ദുരിതമായി മണ്ണെണ്ണപ്പുഴു വ്യാപകമാകുന്നു

Update: 2020-07-02 15:58 GMT

മാള: മണ്ണെണ്ണ പുഴുവെന്ന പേരില്‍ അറിയപ്പെടുന്ന പുഴു വ്യാപകമാവുന്നത് മാള പ്രദേശത്തെ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. നേരത്തെ പുരയിടങ്ങളിലും പറമ്പുകളിലും കണ്ടു വന്നിരുന്ന പുഴുക്കള്‍ വീടുകള്‍ക്കുള്ളിലേക്കും വ്യാപകമാകുകയാണ്. തറയിലും ചുമരുകളിലും മേല്‍ക്കൂരയിലും ഇഴഞ്ഞു നടക്കുന്നതും ജനങ്ങള്‍ക്ക് ശല്യമായിരിക്കുന്നു. ഇവ മനുഷ്യന്റെ ഉള്ളിലെത്തിയാല്‍ ആരോഗ്യപ്രശ്‌നത്തിന് കാരണമാവുമെന്നാണ് ആയുര്‍വേദ ഡോക്ടറായ ഡോ. ഗോപാല്‍ പറയുന്നത്. മറ്റ് അസുഖങ്ങളുള്ളവരെയാണത്രെ ഇത് കൂടുതല്‍ ബാധിക്കുക.

തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. തണുപ്പുള്ള സമയങ്ങളില്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഇവ പെട്ടെന്ന് പെറ്റ്‌പെരുകും.

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ എരവത്തൂര്‍, കൊച്ചുകടവ്, കുണ്ടൂര്‍, മേലാംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലും അന്നമനട ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത്. ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഇക്കാര്യത്തില്‍ അടിയന്തിരശ്രദ്ധ പുലര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

Similar News