ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി അനുശോചിച്ചു

അദ്ദേഹത്തിന് ഇന്ത്യക്കാരുമായും പ്രത്യേകിച്ച് മലയാളികളുമായും അടുത്ത ബന്ധമായിരുന്നു എന്ന് നേരിട്ട് മനസിലാക്കാനായിട്ടുണ്ട്.

Update: 2020-01-11 15:10 GMT

ന്യൂഡല്‍ഹി: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ വേര്‍പാടിലൂടെ ഒരു നല്ല നേതാവിനെയും പരിഷ്‌കര്‍ത്താവിനെയും ഇന്ത്യയുടെ ഒരു നല്ല സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അനുസ്മരിച്ചു. ഒമാന്‍ ഭരണാധികാരിയുടെ വേര്‍പാടിനെക്കുറിച്ച് ഏറെ വിഷമത്തോടെയാണ് അറിഞ്ഞത്. അദ്ദേഹത്തിന് ഇന്ത്യക്കാരുമായും പ്രത്യേകിച്ച് മലയാളികളുമായും അടുത്ത ബന്ധമായിരുന്നു എന്ന് നേരിട്ട് മനസിലാക്കാനായിട്ടുണ്ട്.

1970 മുതലുള്ള ഭരണകാലത്ത് ഒമാന്റെ വളര്‍ച്ചയുടെ ചാലകശക്തിയായിരുന്നു അദ്ദേഹം. അറബ് ലോകത്തും ഇന്ത്യയുമായുള്ള ബന്ധത്തിലും ഏറ്റവും മികച്ച മാതൃകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ - ഒമാന്‍ ഉഭയകക്ഷി ബന്ധം ഏറ്റവും ശക്തമായ നിലയിലെത്തിയത്. മേഖലയിലെ സൗഹൃദവും സമാധാനവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കാന്‍ എന്നും ജാഗരൂകനായിരുന്നു സുല്‍ത്താന്‍. മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് സംരക്ഷണമുറപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒമാന്‍ രാജകുടുംബത്തിന്റെയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ദു:ഖത്തില്‍ ഹൃദയം കൊണ്ട് പങ്കുചേരുന്നതായും വി മുരളീധരന്‍ പറഞ്ഞു.

Tags: