കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരേ പഞ്ചാബ് നിയമസഭ പ്രമേയം പാസ്സാക്കി

Update: 2021-11-11 12:32 GMT

ഛണ്ഡീഗഢ്: കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബ് നിയമസഭ പ്രമേയം പാസ്സാക്കി. ഇന്ന് ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് സഭ വിവാദമായ കാര്‍ഷിക നിയമത്തിനെതിരേ നിലപാടെടുത്തത്. പഞ്ചാബ് കൃഷി മന്ത്രി രന്‍ദീപ് സിങ് നഭയാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയത്തില്‍ ചര്‍ച്ച നടന്നു.

ശിരോമണി അകാലിദള്‍ നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ ബിക്രം സിംഗ് മജിതിയയ്‌ക്കെതിരെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി നടത്തിയ പരാമര്‍ശത്തില്‍ നാല് തവണ സഭ തടസ്സപ്പെട്ടു.

ചര്‍ച്ചയ്ക്കിടെ, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു, മൂന്ന് നിയമങ്ങളും പാസ്സാക്കാനിടയായതില്‍ ശിരോമണി അകാലിദളിനെ കുറ്റപ്പെടുത്തി. കരാര്‍ കൃഷിയുമായി ബന്ധപ്പെട്ട വിജ്ഞാപനം 2013ല്‍ അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലാണ് പുറപ്പെടുവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കാര്‍ഷിക നിയമങ്ങളെ അകാലികള്‍ പിന്തുണച്ചുവെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ്് ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍പാല്‍ സിംഗ് ചീമ ആരോപിച്ചു. ഈ നിയമങ്ങള്‍ പാസ്സാക്കിയ ശേഷവും അകാലിദള്‍ നേതാക്കളായ സുഖ്ബീര്‍ ബാദല്‍, മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ ബിജെപിയെ പിന്തുണച്ചുവെന്നും കര്‍ഷകര്‍ പ്രതിഷേധവുമായി വന്നപ്പോള്‍ മാത്രമാണ് ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ രാജ്യത്തെ കര്‍ഷകര്‍ കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷക നിയമത്തിനെതിരേ സമരം ചെയ്യുകയാണ്. ആദ്യ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും പിന്നീട് സമരത്തെ അവഗണിക്കുകയായിരുന്നു. 

Tags:    

Similar News