കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിനും യുഡിഎഫിനും വലിയ മുന്നേറ്റം ഉണ്ടായെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. സര്‍ക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫ് ജയത്തിന് കാരണം. ഒരു പ്രത്യേക ജനത്തെയും പ്രദേശത്തെയും അവഹേളിച്ചവരെ എല്‍ഡിഎഫ് ചേര്‍ത്തു പിടിച്ചു. അതിന് ജനം മറുപടി നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഈസി വാക്കോവര്‍ ഉണ്ടാകും. ജനവികാരം മാനിച്ച് മുന്നോട്ടു പോകും. ജമാഅത്തെ ഇസ്ലാമിയുമായി ഈ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ബന്ധം പുലര്‍ത്തുന്നു. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലാണ് ഈ കൂട്ടുകെട്ടെന്നും പി എം എ സലാം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫ് ധാരണ ഉണ്ടാക്കിയിട്ടില്ല. നീക്കുപോക്ക് ഉണ്ടാകാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം ബന്ധം വേണോയെന്ന് യുഡിഎഫാണ് തീരുമാനിക്കേണ്ടത്. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്തു. യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തണം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൊണ്ടുവരുന്നതില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. അഭിപ്രായം യുഡിഎഫില്‍ പറയും. ആഹ്ലാദപ്രകടനം, അശ്ലീല പരാമര്‍ശങ്ങള്‍ എല്ലാവരും ഒഴിവാക്കണം. അക്രമ സംഭവങ്ങള്‍ ഉണ്ടാകരുത്. പോലിസ് സഹായത്തോടെ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തുന്നത്. പാലക്കാട് ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള തീരുമാനം യുഡിഎഫ് എടുക്കും.
