തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അവസരമൊരുക്കും മന്ത്രി വി അബ്ദുറഹിമാന്‍

താനൂര്‍ കേന്ദ്രീകരിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഓഫിസ് ആരംഭിക്കുന്നതിനായി തീരുമാനിച്ചിരുന്നു. അതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

Update: 2022-01-02 14:19 GMT

താനൂര്‍: തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്കും വിദേശത്തു നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്നവര്‍ക്കും മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് നല്‍കി പുതിയ തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അവസരമൊരുക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. അതിന്റെ ഒരു ഘട്ടമാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ലോണ്‍ മേള. താനൂര്‍ കേന്ദ്രീകരിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഓഫിസ് ആരംഭിക്കുന്നതിനായി തീരുമാനിച്ചിരുന്നു. അതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോണ്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

താനൂര്‍ ദേവധാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വികെഎം ഷാഫി, തിരൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ ജയന്‍, താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി എ കാദര്‍, പഞ്ചായത്തംഗം കെ വി ലൈജു, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പി ഉസ്മാന്‍ ഹാജി, ദേവധാര്‍ സ്‌കൂള്‍ പിടി എ പ്രസിഡന്റ് ഇ അനോജ്, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡി സുനില്‍ ചാക്കോ, മലപ്പുറം റീജിയന്‍ ഡെപ്യൂട്ടി മാനേജര്‍ മോഹനന്‍ സംസാരിച്ചു.

സ്വയം തൊഴില്‍ വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവക്ക് പുറമേ കെഎസ്എംഡിഎഫ്‌സിയുടെ മറ്റു വായ്പാ പദ്ധതികള്‍ക്കുള്ള അപേക്ഷയും സ്വീകരിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്ന് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായായിരുന്നു ലോണ്‍ മേള സംഘടിപ്പിച്ചത്.

Tags:    

Similar News