ബക്കളത്തെ വയോധികന്റെ മരണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

ചപ്പാരപ്പടവ് സ്വദേശിയും നടുവിലില്‍ താമസക്കാരനുമായ ചൊക്രാന്റകത്ത് മുഹമ്മദ് ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് സിഐ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘംഅറസ്റ്റ് ചെയ്ത പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.

Update: 2019-04-22 14:00 GMT

തളിപ്പറമ്പ്: ബക്കളത്തെ വയോധികന്‍ തളിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ചപ്പാരപ്പടവ് സ്വദേശിയും നടുവിലില്‍ താമസക്കാരനുമായ ചൊക്രാന്റകത്ത് മുഹമ്മദ് ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് സിഐ എ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘംഅറസ്റ്റ് ചെയ്ത പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. വിഷുവിന്റെ പിറ്റേ ദിവസം ഈ മാസം 16നാണ് ബക്കളം കാനൂല്‍ സ്വദേശി ചന്ദ്രനെ തളിപ്പറമ്പ് പ്ലാത്തോട്ടത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ചന്ദ്രന്റെ പക്കലുണ്ടായിരുന്നു 1000 രൂപയും ഒരു പവന്റെ മോതിരവും മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. ഇതാണ് ദുരൂഹത വര്‍ധിപ്പിച്ചത്.

മോഷണക്കേസുകളില്‍ നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ചൊക്രാന്റകത്ത് മുഹമ്മദിന്റെ കൈവശം കാണാതായ മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവ ദിവസം മുതല്‍ ഇയാള്‍ ഒളിവിലാണെന്ന വിവരവും പോലിസിന് ലഭിച്ചു.വിഷുദിനത്തില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോയതായിരുന്നു ചന്ദ്രന്‍. അന്ന് രാത്രി പത്തോടെ തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ അവശ നിലയില്‍ കണ്ട ചന്ദ്രനെ ബക്കളത്തെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച മുഹമ്മദ് ഓട്ടോയില്‍ കയറ്റി പ്ലാത്തോട്ടത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് സാധനങ്ങള്‍ മുഴുവന്‍ കവര്‍ന്ന ശേഷം അവശനായ ചന്ദ്രനെ അവിടെ ഉപേക്ഷിച്ച് മുഹമ്മദ് കടന്നുകളയുകയായിരുന്നു. അവിടെ വെച്ചാണ് ചന്ദ്രന്‍ മരിച്ചത്.

ഞായറാഴ്ച്ച ഉച്ചയോടെയാണ് സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തളിപ്പറമ്പില്‍ നിന്ന് പ്രതിയെ പിടികൂടിയത്. അഡീഷണല്‍ എസ്‌ഐ പി വിജയന്‍, സീനിയര്‍ സിപിഒ എ ജി അബ്ദുല്‍ റൗഫ് എന്നിവരും പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയുടെ പേരില്‍ കവര്‍ച്ചക്കും നരഹത്യക്കും തളിപ്പറമ്പ് പോലിസ് കേസെടുത്തു. കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നും പോലിസ് സ്വര്‍ണം കണ്ടെടുത്തു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags: