മഹാരാഷ്ട്ര: ബിജെപിക്ക് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രിം കോടതി

ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനും സഞ്ജീവ് ഖന്ന, അശോക് ഭൂഷന്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമാണ് വിധിയെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

Update: 2019-11-26 05:43 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി. വിശ്വാസവോട്ടിന്റെ വീഡിയോ ചിത്രീകരണം നടത്തി ലൈവ് ടെലകാസ്റ്റ് ചെയ്യണമെന്നും ഇടക്കാല മുഖ്യമന്ത്രി സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ഓപ്പണ്‍ ബാലറ്റായിരിക്കണം, നാളെ അഞ്ച് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണം, പ്രോടൈം സ്പീക്കര്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ അഞ്ചു മണിക്കുള്ളില്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കണം വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടത്.

ഗവര്‍ണറോട് പ്രോട്ടൈം സ്പീക്കറെ നിയമിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനും സഞ്ജീവ് ഖന്ന, അശോക് ഭൂഷന്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമാണ് വിധിയെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെയായി. ഇനിയും അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം കാത്തിരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

സുപ്രിം കോടതി വിധി ബിജെപിയുടെ വാദങ്ങള്‍ക്കും രാഷ്ട്രീയനീക്കങ്ങള്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിന് 14 ദിവസത്തെ സമയം വേണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കോടതിയില്‍ ഉയര്‍ത്തിയ വാദം. നിയമസഭയില്‍ കൈകടത്താന്‍ കോടതിക്ക് അവകാശമില്ലെന്നും ഫട്‌നാവിസിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചിരുന്നു.

170 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നവിസ് നല്‍കിയ കത്തും അതിന്റെയടിസ്ഥാനത്തില്‍ അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്തും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു വിശദമായി പരിശോധിച്ചാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച് വാദംകേട്ടത്. അജിത് പവാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തുകൊണ്ട് എന്‍സിപിയുടെ 54 അംഗങ്ങള്‍ ഒപ്പുവെച്ച രേഖയും 11 സ്വതന്ത്രരുടെ പിന്തുണയും വ്യക്തമാക്കിയാണ് ഫഡ്‌നവിസ് കത്തുനല്‍കിയത്.

ബിജെപിയുടെ 105 അംഗങ്ങള്‍കൂടി ചേരുമ്പോള്‍ 170 പേരുടെ പിന്തുണ കണക്കാക്കിയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ഫഡ്‌നവിസിനെ ക്ഷണിച്ചത്. 54 അംഗങ്ങളുടെ നേതാവായ അജിത് പവാറിന്റെ പിന്തുണ തനിക്കുണ്ടെന്ന് ഫഡ്‌നവിസ് ഗവര്‍ണര്‍ മുമ്പാകെ അവകാശപ്പെട്ടു.


Tags:    

Similar News