എസ്പിജി ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി; കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

ഗാന്ധി കുടുംബത്തെ മനസ്സില്‍ വച്ചല്ല ബില്ല് തയ്യാറാക്കിയതെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറി അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മോദിയുടെ എസ്പിജി സുരക്ഷയും പിന്‍വലിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Update: 2019-12-03 13:18 GMT

ന്യൂഡല്‍ഹി: പ്രത്യേക സുരക്ഷാ ഗ്രൂപ്പ് ഭേദഗതി ബില്ല്, 2019(എസ് പി ജി(ഭേദഗതി) ബില്ല്, 2019) രാജ്യസഭ പാസാക്കി. ഗാന്ധി കുടുംബത്തോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് ബില്ല് കൊണ്ടുവന്നിരിക്കുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗാന്ധി കുടുംബത്തെ മനസ്സില്‍ വച്ചല്ല ബില്ല് തയ്യാറാക്കിയതെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറി അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മോദിയുടെ എസ്പിജി സുരക്ഷയും പിന്‍വലിക്കുമെന്നും അമിത് ഷാ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും ഗാന്ധികുടുംബത്തില്‍ നിന്ന് പുറത്തുള്ളവരുടെയും എസ്പിജി സുരക്ഷ എടുത്തുമാറ്റിയപ്പോള്‍ മൗനമായിരുന്നതിനെ അമിത് ഷാ പരിഹസിച്ചു.

പ്രിയങ്കയുടെ കുടുംബത്തിലേക്ക് കഴിഞ്ഞ ദിവസം സുരക്ഷാപരിശോധനയില്ലാതെ ഒരു കാറ് കയറിപ്പോയതും ബില്ലവതരണ ചര്‍ച്ചയെ ചൂടുപിടിപ്പിച്ചു. സുരക്ഷാസേനയുടെ പരിശോധനയില്ലാതെ അഞ്ചംഗ സംഘം കാറുമായെത്തിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ സംഘം ഓഫിസിന്റെ വരാന്തയിലെത്തിയതിനു ശേഷമാണ് വിവരം സുരക്ഷാസൈനികര്‍ അറിഞ്ഞത്. പ്രിയങ്കയോടൊപ്പം സമയം ചെലവിടാനും അല്പസമയം സംസാരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമെത്തിയ സംഘം ഒടുവില്‍ അതൊക്കെ സാധിച്ചാണ് മടങ്ങിയതും.

മുന്‍കൂര്‍ അനുമതിയോ സുരക്ഷാപരിശോധനയോ കൂടാതെ കാറിലെത്തിയ അഞ്ചു പേരെ ആരാണ് കടത്തിവിട്ടതെന്ന് സന്ദര്‍ശകര്‍ പോയ ശേഷമാണ് പ്രിയങ്ക സുരക്ഷാസേനയോട് അന്വേഷിച്ചത്. ഇത്തരമൊരു സന്ദര്‍ശനത്തെ കുറിച്ച് സുരക്ഷാസേനക്കും അറിവില്ലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അവര്‍ എത്തിയ കാറും പരിശോധിച്ചില്ല. കടുത്ത സുരക്ഷാവീഴ്ചയാണ് നടന്നിട്ടുള്ളതെന്ന് പ്രിയങ്കയുടെ ഓഫിസ് പറഞ്ഞു.

പ്രയങ്ക ഗാന്ധിയുടെ വീട്ടിലെ സുരക്ഷാവീഴ്ച അത്ര 'യാദൃച്ഛിക'മല്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചത്. സുരക്ഷാവീഴ്ചയെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തും. സുരക്ഷാ ചുമതലയുള്ള മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ വീട്ടില്‍ നടന്നത് വിചിത്രമായ യാദൃച്ഛികതയാണ്. രാഹുല്‍ ഗാന്ധി വരേണ്ടിയിരുന്ന അതേ വാഹനത്തില്‍ അതേ സമയമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെല്‍ഫിയെടുക്കാന്‍ എത്തിയത്. സര്‍ക്കാര്‍ സുരക്ഷയുടെ കാര്യത്തില്‍ 0.01 ശതമാനം പോലും ചാന്‍സ് എടുക്കാന്‍ തയ്യാറില്ലെന്നും അമിത് ഷാ അറിയിച്ചു.

എസ്പിജി നിയമഭേദഗതി ഏതെങ്കിലും ഒരു കുടുംബവുമായി ബന്ധപ്പെട്ട് രൂപംകൊടുത്തതല്ല. കുടുംബത്തെ(പരിവാര്‍)യല്ല, സ്വജനപക്ഷപാതിത്വ(പരിവാര്‍ വാദ)ത്തെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം ഇപ്പോള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന് ഒരു കുടുംബത്തിന്റെ സുരക്ഷയേക്കാള്‍ 130 കോടി ജനങ്ങളുടെ സുരക്ഷയിലാണ് ശ്രദ്ധ- അമിത് ഷാ പറഞ്ഞു.  

Tags:    

Similar News