'ഗോലി മാരോ' മുദ്രാവാക്യം: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബിജെപി പ്രവര്‍ത്തകരായ സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2020-03-02 08:04 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പ്രകോപനപരമായ 'ഗോലി മാരോ' മുദ്രാവാക്യം വിളിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകരായ സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ദേശദ്രോഹികളെ വെടിവെയ്ക്കൂ എന്ന് അര്‍ത്ഥമുളള മുദ്രാവാക്യമാണ് 'ഗോലി മാരോ'.

ഷാഹിദ് മിനാറില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ഇവര്‍. കാവിവസ്ത്രം ധരിച്ച് ബിജെപി പതാക വീശിയാണ് ഇവര്‍ പൊതുസ്ഥലത്ത് മുദ്രാവാക്യം വിളിച്ചത്. പോലിസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ആക്രോശം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ സമാനമായ മുദ്രാവാക്യം വിളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാജീവ് ചൗക്ക് സ്‌റ്റേഷനിലാണ് ഒരു കൂട്ടം ആളുകള്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. 'ഗോബാക്ക് അമിത് ഷാ' മുദ്രാവാക്യവുമായി ഇടത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി. പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല മുദ്രാവാക്യം വിളിച്ചതെന്നാണ് ബി.ജെ.പിയുടെ വാദം. പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ഉപാധ്യക്ഷന്‍ സുഭാഷ് സര്‍ക്കാര്‍ ആരോപിച്ചു.

Tags:    

Similar News