മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സോണിയാഗാന്ധി കോണ്‍ഗ്രസ് സീനിയര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി

ബിജെപിയും ശിവസേനയും തമ്മിലുളള അധികാരം പങ്കുവക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ച പരാജയപ്പെട്ടതാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് വഴി വച്ചത്.

Update: 2019-11-19 18:28 GMT

മുംബൈ: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ കാര്‍ഗെ, എ കെ ആന്റണി, കെ സി വേണുഗോപാല്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച നടന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധിയെ കുറിച്ചായിരുന്നു ചര്‍ച്ച എന്നാണ് സൂചന.

എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ഇതേ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി നാളെ കാണുമെന്ന് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം തന്റെ തീരുമാനത്തെ കുറിച്ച് ഒരു തരത്തിലുമുള്ള ഉറപ്പും പ്രകടിപ്പിക്കാതെ ശരത് പവര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നശിക്കുകയാണെന്ന തോന്നല്‍ കോണ്‍ഗ്രസ്സിലും ശക്തമാണ്. ആശയപരമായി ഏറെ വ്യത്യസ്തമായ ശിവസേനയുമൊത്ത് ഒരു ഐക്യമുന്നണി എന്ന ആശയത്തോട് കോണ്‍ഗ്രസ്സില്‍ നിന്നു തന്നെ നിരവധി പേര്‍ക്ക് എതിര്‍പ്പുണ്ട്.

മഹാരാഷ്ട്രയിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സോണിയാഗാന്ധിയും എന്‍സിപി നേതാവ് ശരത് പവാറും തമ്മില്‍ കണ്ടിരുന്നു. അവരുടെ ചര്‍ച്ച 55 മിനിട്ട് നീണ്ടുനിന്നു. അതേസമയം കോണ്‍ഗ്രസ്സും എന്‍സിപിയും ഒത്തുചേര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനുവേണ്ടി തയ്യാറാക്കിയ പൊതുമിനിമം പരിപാടിയെ കുറിച്ച് ഒരു ചര്‍ച്ചയും നന്നില്ലെന്ന് ശരത് പവാര്‍ പറഞ്ഞത് രാഷ്ട്രീയവൃത്തങ്ങളില്‍ ഏറെ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. പക്ഷേ, പൊതുമിനിമം പരിപാടിയെ കുറിച്ച് ചര്‍ച്ച നടന്നുവെന്നാണ് സൂചന.

ബിജെപിയും ശിവസേനയും തമ്മിലുളള അധികാരം പങ്കുവക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ച പരാജയപ്പെട്ടതാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് വഴി വച്ചത്. എന്‍സിപിക്കും ശിവസേനയ്ക്കും സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കിയെങ്കിലും അവരും വിജയിച്ചില്ല. തങ്ങള്‍ ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന ഓഫറുമായി ബിജെപിയും ശിവസേനക്ക് പിന്നിലെത്തിയിട്ടുണ്ട്.  

Tags:    

Similar News