കീവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരിക്ക്
കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകളെ ബന്ദികളാക്കിയ അക്രമിയെ പോലിസ് വെടിവച്ച് കൊന്നു. 58 വയസ്സുള്ള റഷ്യന്‍ വംശജനായ വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇയാള്‍ മുന്‍പ് ഡോണെറ്റ്‌സ്‌ക് മേഖലയില്‍ താമസിച്ചിരുന്നതായും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി വ്യക്തമാക്കി.
തെരുവിലിറങ്ങുന്നതിന് മുന്‍പ് അക്രമി സ്വന്തം അപ്പാര്‍ട്ട്‌മെന്റിന് തീയിടുകയും തുടര്‍ന്ന് ഓട്ടോമാറ്റിക് തോക്കുമായി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറിയ ഇയാള്‍ ഉപഭോക്താക്കളെയും ജീവനക്കാരെയും ബന്ദികളാക്കി. പോലിസ് ഇയാളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മുറിവേറ്റവര്‍ക്ക് ചികില്‍സ നല്‍കാന്‍ അനുവദിക്കണമെന്ന പോലിസിന്റെ അഭ്യര്‍ഥന അക്രമി തള്ളിയതോടെ പ്രത്യേക ടാക്റ്റിക്കല്‍ യൂണിറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ റെയ്ഡ് നടത്തി ഇയാളെ വധിച്ചു. തെരുവില്‍ വെടിവെപ്പിനിടെ നാലുപേരും ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഒരു സ്ത്രീയും മരിച്ചു. ബന്ദിയാക്കിയവരില്‍ ഒരാളെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ വച്ച് അക്രമി കൊലപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. അക്രമിയുടെ പക്കല്‍ തോക്ക് കൈവശം വയ്ക്കാനുള്ള നിയമാനുസൃത അനുമതിപത്രം ഉണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ഇഹോര്‍ ക്ലൈമെന്‍കോ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
