മുന്‍ വിവരാവകാശ കമ്മിഷണറുടെ ജനനരേഖ കണ്ടെത്താനായില്ലെന്ന് മുംബൈ മുനി. കോര്‍പറേഷന്‍

പൗരത്വ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മോദി പറയുന്നുണ്ടെങ്കിലും ബിജെപിയിലെ മറ്റുള്ളവര്‍ പട്ടിക തയ്യാറാക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കുകയാണ്.

Update: 2020-01-23 06:58 GMT

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര വിവരാവകാശ കമ്മിഷണറും വിവരാവകാശ നിയമ ആക്റ്റിവിസ്റ്റുമായ ശൈലേഷ് ഗാന്ധിക്കും ജനനരേഖ കണ്ടെത്താനായില്ല. പൗരത്വ ഭേദഗതി നിയമം പാസായതോടെയാണ് മുന്‍ വിവരാവകാശ കമ്മിഷണര്‍ ശൈലേഷ് ഗാന്ധി മുംബൈ മുനി. കോര്‍പറേഷനോട് തന്റെ ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. പക്ഷേ, മുംബൈ മുനി. കോര്‍പറേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. അത് സംബന്ധിച്ച രേഖകള്‍ ലഭ്യമാകാത്തതായിരുന്നു കാരണം.

''1947 ല്‍ ഞാന്‍ ജനിക്കുമ്പോള്‍ എന്റെ മുത്തച്ഛന്‍ മാട്ടുംഗയിലായിരുന്നു താമസിച്ചിരുന്നത്. അന്നു മുതല്‍ എനിക്ക് ജനനരേഖയില്ല. രാജ്യത്താകമാനം പൗരത്വപട്ടിക തയ്യാറാക്കാന്‍ തുടങ്ങുന്നതറിഞ്ഞാണ് അത്തരമൊരു രേഖയ്ക്കുവേണ്ടി മുംബൈ മുനി. കോര്‍പറേഷനിലേക്ക് അപേക്ഷ അയച്ചത്''- അദ്ദേഹം പറഞ്ഞു.

അപേക്ഷ അയച്ച് ഏറെ താമസിയാതെ അദ്ദേഹത്തിന് മുംബൈ മുനി കോര്‍പറഷേഷനില്‍ നിന്ന് ഒരു കത്ത് കിട്ടി. അപേക്ഷ പരിഗണിച്ച് തിരച്ചില്‍ നടത്തിയെങ്കിലും രാംകുമാര്‍ ഭഗവാന്‍ ദാസ് ഗാന്ധിയുടെ മകന്‍ ശൈലേഷ് ഗാന്ധിയുടെ ജനനം ഇവിടെ രജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ല എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

പൗരത്വ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മോദി പറയുന്നുണ്ടെങ്കിലും ബിജെപിയിലെ മറ്റുള്ളവര്‍ പട്ടിക തയ്യാറാക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കുകയാണ്.

ജനനരേഖ ഇല്ലാത്തവര്‍ക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതി. പക്ഷേ, സ്‌കൂള്‍ വിദ്യാഭ്യാസം നേടാത്തവരെ സംബന്ധിച്ചിടത്തോളം അത് ബുദ്ധമുട്ടായിരിക്കും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ശൈലേഷിന് കത്ത് ലഭിച്ചതെങ്കിലും ആ വിവരം ഇപ്പോഴാണ് ശൈലേഷ് പങ്കുവയ്ക്കുന്നത്. 

Tags:    

Similar News