'1947ല്‍ ലഭിച്ചത് സ്വാതന്ത്ര്യമല്ല ഭിക്ഷ': കങ്കണയുടേത് രാജ്യദ്രോഹ പരാമര്‍ശം; കേസെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി

Update: 2021-11-11 12:14 GMT

മുംബൈ: ഇന്ത്യക്ക് 1947ല്‍ ലഭിച്ചത് സ്വാതന്ത്ര്യമല്ല, ഭിക്ഷയാണെന്നും 2014ലാണ് ശരിയായ സ്വാതന്ത്ര്യം നേടിയതെന്നുമുള്ള നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി.

ആം ആദ്മി പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം പ്രീതി ശര്‍മ മേനോന്‍ ആണ് കങ്കണക്കെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

കങ്കണയുടെ പരാമര്‍ശത്തെ ആം ആദ്മി പാര്‍ട്ടി ശക്തമായി അപലപിച്ചു. ഇന്ത്യ 1947ല്‍ നേടിയത് ഭിക്ഷയാണ്, സ്വാതന്ത്ര്യമല്ലെന്ന കങ്കണയുടെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് മേനോന്‍ ട്വീറ്റ് ചെയ്തു.

പ്രീതി ശര്‍മ മേനോന്‍ മുംബൈ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐപിസി 504, 505, 124 എ എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

കങ്കണയ്‌ക്കെതിരേ നേരത്തെ ബിജെപി നേതാവും ലോക്‌സഭാ അംഗവുമായ വരുണ്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു. കങ്കണയുടേത് ദേശവിരുദ്ധപരാമര്‍ശമാണെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ ട്വീറ്റ്. ഒപ്പം കങ്കണയുടെ കമന്റ് ഉള്‍പ്പെടുന്ന വീഡിയോയും പങ്കുവച്ചിരുന്നു്.

കങ്കണയുടെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് രാജ്യത്താകമാനം ഉയര്‍ന്നിരിക്കുന്നത്.

Tags:    

Similar News